ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ മസർ-ഇ-ഷരീഫിൽ നിന്നും ഇന്ത്യൻ പൗരന്മാരെ ഡൽഹിയിലെത്തിച്ചു. ചൊവ്വാഴ്ച വൈകിട്ട് പുറപ്പെട്ട പ്രത്യേക വിമാനത്തിലാണ് അഫ്ഗാനിൽ നിന്നുള്ള ആദ്യ സംഘം ഇന്ത്യയിലെത്തിയത്. നയതന്ത്ര ഉദ്യോഗസ്ഥരുൾപ്പെടെ 50 ഇന്ത്യക്കാർ സംഘത്തിലുണ്ട്.
രാജ്യത്തെ സുരക്ഷാസേനയും താലിബാൻ ഭീകരരും തമ്മിലുള്ള സംഘർഷം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് നടപടി. മസർ-ഇ-ഷരീഫ് അഥവ മസർ എന്നറിയപ്പെടുന്ന അഫ്ഗാൻ പ്രദേശം രാജ്യത്തെ നാലാമത്തെ വലിയ നഗരമാണ്. ബൾക്ക് പ്രവിശ്യയുടെ തലസ്ഥാനമാണിത്. കുണ്ഡുസ്, കാബൂൾ, ഹേറത്, ടെർമാസ് നഗരങ്ങളാണ് മസറിന്റെ അതിർത്തി പങ്കിടുന്നത്. ഏഴ് പ്രവിശ്യാ തലസ്ഥാനങ്ങൾ കയ്യടക്കിയ താലിബാന്റെ അടുത്ത നീക്കം മസർ-ഇ-ഷരീഫിലേക്കാകാം എന്നതിനാലാണ് വിദേശ പൗരന്മാരെ തിരികെ വിളിക്കുന്നത്.
കേന്ദ്രസർക്കാർ നിർദേശപ്രകാരം മസർ-ഇ-ഷരീഫിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ കോൺസുലേറ്റ് ഓഫീസ് ഇതിനോടകം തന്നെ അടച്ചിരുന്നു. പ്രദേശത്ത് നിന്നും മാറാൻ താൽപര്യപ്പെടുന്ന ഇന്ത്യൻ പൗരന്മാരോട് കോൺസുലേറ്റുമായി ബന്ധപ്പെടണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് മസറിൽ നിന്നും ആദ്യസംഘം ഇന്ത്യയിലെത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യ നൽകുന്ന മൂന്നാമത്തെ സുരക്ഷാ ഉപദേശമാണിത്.
അഫ്ഗാനിസ്ഥാനിലെ മറ്റ് പ്രദേശങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരോടും തിരികെയെത്താൻ ഇന്ത്യൻ എംബസി അധികൃതർ നിർദേശിച്ചിട്ടുണ്ട്. വിമാന സർവീസുകൾ പൂർണമായും നിർത്തലാക്കാൻ സാധ്യതയുള്ളതിനാലാണിത്. അഫ്ഗാനിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികൾക്കും എംബസി മുന്നിയിപ്പ് നൽകിയിട്ടുണ്ട്. തൊഴിൽപരമായ ആവശ്യങ്ങൾക്കായും അല്ലാതെയും ഏകദേശം 1,500 ഇന്ത്യക്കാർ അഫ്ഗാനിൽ വസിക്കുന്നുണ്ടെന്നാണ് വിവരം.
കഴിഞ്ഞ മാസം കാണ്ഡഹാർ കോൺസുലേറ്റിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരും നയതന്ത്ര വിദഗ്ധരും ഉൾപ്പെടെ 50 പേരെ ഇന്ത്യ തിരികെയെത്തിച്ചിരുന്നു. യുകെ, യുഎസ്, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ തിരിച്ചുവിളിച്ചിട്ടുണ്ട്.
















Comments