ഭോപ്പാൽ: രാജ്യത്തെ ആദ്യ ശുചിത്വ നഗരമായ ഇൻഡോർ ഇനി മുതൽ രാജ്യത്തെ ആദ്യ ജലസമൃദ്ധ നഗരം എന്നുകൂടി അറിയപ്പെടും. സ്വച്ഛ് സർവേക്ഷൺ 2021 പദ്ധതിയുടെ ഭാഗമായാണ് മദ്ധ്യ പ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇക്കാര്യം അറിയിച്ചത്.
ഇൻഡോറിലെ നഗരവാസികളുടെ ആത്മാർത്ഥമായ പരിശ്രമങ്ങൾക്ക് അഭിനന്ദനം നേർന്നുകൊണ്ട് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. സ്വച്ഛ് ഭാരത് മിഷൻ (എസ്ബിഎം) വാട്ടർ പ്ലസ് സർട്ടിഫിക്കേറ്റാണ് നഗരത്തിന് ലഭിച്ചത്. ഇത് സ്വച്ഛ് സർവേക്ഷൺ 2021 പദ്ധതിയുടെ ഭാഗമാണ്. ഈ നേട്ടം കൈവരിച്ചതിലൂടെ സംസ്ഥാനത്തിന്റെ വാണിജ്യ തലസ്ഥാനമായ ഇൻഡോർ ഇന്ത്യയിലെ ജനങ്ങൾക്ക് മാതൃകയായി മാറുകയാണ് എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സ്വച്ഛ് സർവേക്ഷൺ പദ്ധതിയുടെ വാട്ടർ പ്ലസ് പ്രോട്ടോക്കോൾ മാർഗ്ഗനിർദ്ദേശപ്രകാരം നദീതടങ്ങളിലേക്ക് ഒഴുകിയിരുന്ന നഗരത്തിലെ 1,746 പൊതു ഓടകളും 5,624 സ്വകാര്യ ഓടകളും ഇൻഡോർ മുനിസിപ്പൽ കോർപ്പറെഷൻ ടാപ്പുചെയ്തു. ഇതിലൂടെ സരസ്വതി, ഖാൻ എന്നീ നദികൾ മാലിന്യമുക്തമാക്കാൻ സാധിച്ചു എന്ന് ഇൻഡോർ ജില്ലാ കളക്ടർ മനിഷ് സിംഗ് പറഞ്ഞു.
വാട്ടർ പ്ലസ് പ്രോട്ടോക്കോൾ മാർഗ്ഗനിർദ്ദേശപ്രകാരം, 147 പ്രത്യേക ശൗചാലയങ്ങൾ നഗരത്തിൽ നിർമ്മിച്ചു. കുളം, കിണർ എന്നീ ജലാശയങ്ങളും ശുചിയാക്കി. 7 മലിനജല സംസ്‌കരണ പ്ലാന്റുകൾ നിർമ്മിച്ചതിലൂടെ 110 മില്ല്യൺ ലിറ്റർ വെള്ളം ഓരോ ദിവസവും ശുചീകരിച്ച് ഉപയോഗിക്കുവാൻ സാധിച്ചു എന്ന് ഇൻഡോർ സിവിക് കമ്മീഷണർ പ്രതിഭ പാൽ അറിയിച്ചു.
രാജ്യത്തെ ശുചിത്വം, വൃത്തി, പൊതുശുചിത്വനിലവാരം എന്നിവ അറിയുന്നതിനായി സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി രാജ്യവ്യാപകമായി നടത്തുന്ന വാർഷിക സർവേയുടെ പേരാണ് സ്വച്ഛ് സർവേക്ഷൺ പദ്ധതി.
















Comments