കാബൂൾ: അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാന നഗരമായ കാണ്ഡഹാർ പിടിച്ചടക്കിയതായി അവകാശപ്പെട്ട് താലിബാൻ രംഗത്ത്. എന്നാൽ അഫ്ഗാൻ സർക്കാർ ഇക്കാര്യം സ്ഥതീകരിച്ചിട്ടില്ല. ട്വിറ്ററിലൂടെയായിരുന്നു താലിബാന്റെ അവകാശവാദം. അഫ്ഗാനിസ്ഥാൻ സൈന്യവും താലിബാൻ തീവ്രവാദികളും തമ്മിൽ കാണ്ഡഹാറിൽ കനത്ത പോരാട്ടം നടക്കുന്നതായി പ്രദേശവാസികൾ വെളിപ്പെടുത്തിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ മൂന്നാമത്തെ പ്രധാന നഗരമായ ഹെറാത്തിൽ ഇന്ന് അഫ്ഗാനിസ്ഥാൻ സർക്കാറിന് നിയന്ത്രണം നഷ്ടപ്പെട്ടു. പടിഞ്ഞാറൻ മേഖലയിലാണ് നഗരം. പട്ടണം ആക്രമിച്ച താലിബാൻ ഭീകരർ പോലീസ് ആസ്ഥാനം തങ്ങളുടെ കീഴിലാക്കി.
ഇതിനിടെ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അഫ്ഗാൻ ഭരണ പങ്കാളിത്തം താലിബാന് കൂടി നൽകാൻ തീരുമാനമായതായി സൂചന. ഇത് സംബന്ധിച്ച പ്രമേയം ഖത്തറിന് സമർപ്പിച്ചതായി അഫ്ഗാൻ സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇന്ന് നടന്ന യോഗത്തിലാണ് നിർണായക തീരുമാനം സ്വീകരിച്ചത്. കാബൂളിന് സമീപമുള്ള ഗസ്നി നഗരം താലിബാൻ പിടിച്ചടക്കിയതോടെ അഫ്ഗാൻ ഭണരകൂടത്തിന് ഉണ്ടായിരുന്ന അവസാന പ്രതീക്ഷയും നഷ്ടമായിരുന്നു. അടുത്ത ലക്ഷ്യം കാബൂൾ ആണെന്ന താലിബാന്റെ മുന്നറിയിപ്പ് ഭരണകൂടത്തിന്റെ ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്. ഒരാഴ്ചയ്‌ക്കിടെ പത്ത് പ്രവിശ്യാ തലസ്ഥാനങ്ങളാണ് ഭീകരർ കീഴടക്കിയത്.
പ്രതിരോധ സേനയ്‌ക്ക് ഇനിയും ചെറുത്തു നിൽക്കാൻ പ്രയാസമായതിനാലാണ് താലിബാനുമായി സന്ധി സംഭാഷണം നടത്താൻ തീരുമാനിച്ചത്. കാബൂൾ കൂടി പിടിച്ചടക്കിയാൽ അഫ്ഗാൻ ഭരണം താലിബാന്റെ കയ്യിലാകുമെന്നത് ഉറപ്പാണ്. താലിബാൻ ഭീകരാക്രമണം കാരണം രാജ്യത്ത് കഷ്ടപ്പെടുന്ന സാധാരണക്കാരുടെ അവസ്ഥ കൂടി കണക്കിലെടുത്താണ് സർക്കാർ തീരുമാനം.
തുടർച്ചയായി ഭീകരാക്രമണം നടത്തുകയും ജനങ്ങളെ കൊന്നൊടുക്കുകയും ചെയ്യുന്ന താലിബാന്റെ വേട്ട അവസാനിപ്പിക്കാൻ സഹായിക്കണമെന്ന് അപേക്ഷിച്ച് ക്രിക്കറ്റ് താരം റാഷിദ് ഖാൻ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഭീകരരെ ഭയന്ന് നേതാക്കൾ രാജ്യത്ത് നിന്നും പലായനം ചെയ്ത സംഭവങ്ങളും നടന്നിരുന്നു. എന്നാൽ അഫ്ഗാന് ആവശ്യമായ പ്രതിരോധ സഹായം ലോകരാജ്യങ്ങളിൽ നിന്നും ലഭിക്കാതെ വന്നതോടെയാണ്താലിബാനുമായി ചർച്ച നടത്താൻ സർക്കാർ തീരുമാനിച്ചത് എന്നാണ് വിവരം.
















Comments