ബെംഗളൂരു: കൊറോണയുടെ മൂന്നാം തരംഗം മുന്നിൽ കണ്ട് ആൾക്കൂട്ട ആഘോഷങ്ങൾക്ക് നിയന്ത്രണം കടുപ്പിച്ച് കർണാടക സർക്കാർ. ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിൽ നിരവധി ആഘോഷങ്ങളാണ് സംസ്ഥാനത്ത് വരാനിരിക്കുന്നത്. അതിനാൽ ജനത്തിരക്കുണ്ടാകുന്ന എല്ലാ സാമൂഹ്യ, സാംസ്‌കാരിക, രാഷ്‌ട്രീയ ഒത്തുച്ചേരലുകൾക്കും സംസ്ഥാനത്ത് നിരോധനം ഏർപ്പെടുത്തി.
മുഹറം, കൃഷ്ണജന്മാഷ്ടമി, ഗണേശ ചതുർത്ഥി, ദുർഗാ പൂജ തുടങ്ങിയ ശ്രാവണമാസാഘോഷങ്ങൾ മുന്നിൽ കണ്ടാണ് സർക്കാർ നടപടി. മുഹറത്തിനും ഗൗരി-ഗണേശ ഉത്സവത്തിനും നടത്തുന്ന എല്ലാവിധ ഘോഷയാത്രകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൊറോണ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് മസ്ജിദുകളിൽ പ്രാർത്ഥന അനുവദിക്കുന്നതാണ്.
പള്ളികൾ, ക്ഷേത്രങ്ങൾ, മോസ്‌കുകൾ എന്നിവ തുറക്കുന്നതിൽ നിയന്ത്രണങ്ങളില്ലെന്നും വിശ്വാസികളെ പ്രവേശിപ്പിക്കുന്നതിലും ഘോഷയാത്രകളും എഴുന്നള്ളിപ്പുകളും സംഘടിപ്പിക്കുന്നതിലും യോഗങ്ങൾ ചേരുന്നതിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് പ്രിൻസിപ്പൽ സെക്രട്ടറി തുഷാർ ഗിരിനാഥ് വ്യക്തമാക്കി. 60ന് മുകളിൽ പ്രായമുള്ളവരും 10 വയസിന് താഴെയുള്ള കുട്ടികളും വീടുകളിൽ പ്രാർത്ഥന നടത്തണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു. മുഹറം സമയത്ത് പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടിയുള്ള പ്രാർത്ഥനയ്‌ക്ക് സമ്പൂർണ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളും മതപരമായ ഒത്തുചേരലുകൾക്കും ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിനും ഇളവുകൾ നൽകിയത് കൊറോണ വ്യാപനത്തിന് ഇടയാക്കിയിരുന്നു.
















Comments