ഷിംല: ഹിമാചൽ പ്രദേശിലെ കിന്നൗറിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. മണ്ണിനടിയിൽ നിന്നും ഇതിനോടകം 13 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇനിയും എത്രപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരം വ്യക്തമല്ല. പതിനാറോളം പേരെ കണ്ടെത്താനുണ്ടെന്നാണ് സൂചന. അതേസമയം മണ്ണിടിച്ചിൽ മൂലം തടസപ്പെട്ട ഗതാഗത സംവിധാനം അധികൃതർ പുനഃസ്ഥാപിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ജയ്‌റാം താക്കൂർ പ്രഖ്യാപിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ലഭിക്കും. അതേസമയം ബസിലുണ്ടായിരുന്ന യാത്രക്കാരിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപവീതം നൽകുമെന്ന് ഗതാഗതമന്ത്രാലയം അറിയിച്ചു.
ഓഗസ്റ്റ് 11ന് ഉച്ചയോടെയുണ്ടായ മണ്ണിടിച്ചിലിൽ സർക്കാർ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്കാണ് അപകടം സംഭവിച്ചത്. എൻഡിആർഎഫ്, സിഐഎസ്എഫ്, ഐടിബിപി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രദേശത്ത് ഭൂമിശാസ്ത്രപരമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
















Comments