കണ്ണൂർ: ഇ ബുൾജെറ്റ് വിവാദത്തിൽ നടപടി കടുപ്പിക്കാനൊരുങ്ങി പോലീസ്. ഇ ബുൾജെറ്റ് സഹോദരങ്ങൾ എന്നറിയപ്പെടുന്ന ലിബിൻ, എബിൻ എന്നിവർ ആർടിഓഫീസിൽ ബഹളം വച്ച അതേദിവസം ഓഫീസിലെ ലാൻഡ് ലൈനിൽ വിളിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയവരും കുടുങ്ങും. ഇവർക്കെതിരെ കേസെടുക്കുമെന്നും ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
നേരത്തെ കേസിൽ 17 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിയമലംഘനങ്ങൾക്ക് പ്രേരിപ്പിച്ചതിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനുമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയതത്. കൂടാതെ സമൂഹമാദ്ധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയ യൂട്യൂബർ പൊളി സാനം റിച്ചാർഡ് റിച്ചുവിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയവർക്കെതിരേയും പോലീസ് കേസെടുക്കാൻ ഒരുങ്ങുന്നത്.
അതേസമയം എബിനും ലിബിനും എതിരെയുള്ള കുറ്റപത്രം മോട്ടോർ വാഹന വകുപ്പ് കോടതിയിൽ സമർപ്പിച്ചു. 42,400 രൂപ പിഴ ഒടുക്കാത്തതിനെ തുടർന്നാണ് എംവിഡി കുറ്റപത്രം സമർപ്പിച്ചത്. അനധികൃതമായി വാഹനത്തിൽ രൂപമാറ്റം വരുത്തിയതിന് പിഴ നൽകാമെന്ന് കോടതിയിൽ അറിയിച്ചതിനെ തുടർന്നാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ ഇതുവരെയും പിഴയടക്കാത്തതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
ഇവർ ഉപയോഗിക്കുന്ന വാഹനത്തിന്റെ രൂപമാറ്റം അപകടം വരുത്തി വയ്‌ക്കുന്നതാണ്. 1988ലെ മോട്ടോർ വാഹന നിയമം, കേരള മോട്ടോർ നികുതി നിയമം എന്നിവ ഇ ബുൾജെറ്റ് സഹോദരങ്ങൾ ലംഘിച്ചു. നികുതി അടക്കുന്നതിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ വീഴ്ച വരുത്തി. വാഹനം ഭേദഗതി ചെയ്തതിന് ശേഷം അതിന് ആനുപാതികമായി നികുതി അടച്ചില്ല എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു.
















Comments