തിരുവനന്തപുരം : സഹകരണ ബാങ്കുകളിലെ ക്രമക്കേടുകൾ തടയാൻ ഓഡിറ്റ് സംവിധാനത്തിൽ മാറ്റം വരുത്തും. സി. പി. എം. ഭരണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലടക്കം വൻ സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.
സംസ്ഥാന സർക്കാർ തട്ടിപ്പുകാർക്കെതിരെ ശക്തമായ നടപടിയെടുക്കാത്തതിനാലാണ് സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന ആക്ഷേപം വ്യാപകമാണ്. ഇതെ തുടർന്നാണ് സഹകരണ വകുപ്പിന്റെ മുഖം മിനുക്കൽ നടപടി. ഓഡിറ്റ് സംവിധാനത്തെ സംബന്ധിച്ച് ചർച്ചചെയ്യുന്നതിനായി മന്ത്രി വി. എൻ. വാസവൻ ബാങ്ക് പ്രസിഡന്റുമാരുടെ യോഗം വിളിച്ചു.
ഓൺലൈനായി നടന്ന യോഗത്തിലാണ് ഓഡിറ്റ് സംവിധാനത്തിൽ മാറ്റം വരുത്താൻ തീരുമാനം ആയത്. സഹകരണ ബാങ്കുകളിൽ ഓഡിറ്റിംഗ് നടത്താൻ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ റാങ്കിലുളള ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കണമെന്ന് അക്കൗണ്ടന്റ് ജനറലിനോട് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട് .വകുപ്പിൽ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എസ്. പി. റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കും. പരാതികളിൽ കൃത്യമായ നടപടിയും പരിശോധനകളും ഉണ്ടാകുമെന്നും യോഗത്തിൽ മന്ത്രി വി. എൻ. വാസവൻ പറഞ്ഞു.
കരുവന്നൂരിലെ സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ പരാതി ഉയർന്ന സമയത്ത് ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. തട്ടിപ്പ് നടത്തിയ സി. പി. എം. നേതാക്കളെ സംരക്ഷിക്കുന്നതിന് ഇടതുപക്ഷ ട്രേഡ് യൂണിയൻ പ്രവർത്തകരായ സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തന്നെ വഴിയൊരുക്കിയെന്നാണ് ആരോപണം. തട്ടിപ്പുമായി ബന്ധപ്പെട്ട് ഈ ഉദ്യോഗസ്ഥരെ ബലിയാടാക്കി സംസ്ഥാന സർക്കാർ മുഖം രക്ഷിച്ചു. ക്രമക്കേടുകൾ നടത്തുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനും പാർട്ടി നേതാക്കൾക്ക് ഒത്താശ ചെയ്ത സഹകരണ വകുപ്പിലെ 16 ജീവനക്കാരെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തു. സർക്കാർ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ മറപിടിച്ചാണ് നടപടി.
ജനരോഷം തണുപ്പിക്കാൻ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുക്കുകയായിരുന്നു. തൃശ്ശൂർ ജോയിന്റ് റജിസ്ട്രാർ മോഹൻമോൻ പി. ജോസഫ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് വകുപ്പുതല നടപടി.
എന്നാൽ കേസിലെ പ്രധാനപ്രതിയായ സി. പി. എം. നേതാവ് കിരണിനെ പിടികൂടാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇയാൾ കഴിഞ്ഞ ദിവസം തൃശ്ശൂർ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതിയായ ടി. ആർ. സുനിൽ കുമാറിനെ കോടതി റിമാൻഡ് ചെയ്തു. ബാങ്കിലെ സെക്രട്ടറിയായിരുന്നു സുനിൽ കുമാർ. തട്ടിപ്പിന്റെ സൂത്രധാരനാണ് ഇയാളെന്ന് റിമാൻഡ് റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് പറയുന്നു. 100 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് സി. പി. എം. ഭരിക്കുന്ന ബാങ്കിൽ നടന്നത്.
Comments