കാബൂൾ:അഫ്ഗാൻ ഭൂപ്രദേശങ്ങൾ ഒന്നിനുപിറകെ ഒന്നായി കീഴടക്കുന്ന താലിബാൻ രാജ്യത്തെ സ്ത്രീകളെ നിർബന്ധിത വിവാഹത്തിന് പ്രേരിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. അഫ്ഗാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാർ കീഴടക്കിയതിന് പിറകെയാണിത്. താലിബാൻ ഭീകരരുമായുള്ള വിവാഹത്തിന് സ്ത്രീകൾ തയ്യാറാകണമെന്നാണ് ആവശ്യം.
ഇതുകൂടാതെ പുതിയതായി കയ്യടക്കിയ പ്രദേശങ്ങളിലെ ജനങ്ങളെ ചൂഷണം ചെയ്തും ബന്ധികളാക്കിയ സൈനിക ഉദ്യോഗസ്ഥരെ ക്രൂരമായി കൊലപ്പെടുത്തിയുമാണ് താലിബാൻ നരനായാട്ട് നടത്തുന്നത്. അതേസമയം അഫ്ഗാൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും അക്രമത്തിലൂടെ ഭരണം പിടിച്ചാൽ താലിബാനെതിരെ ആഗോളതലത്തിൽ ശക്തമായ പ്രതിരോധം തീർക്കുമെന്നുമാണ് അമേരിക്കയുടെ മുന്നറിയിപ്പ്.
എന്നാൽ ഇതിനോടകം രാജ്യത്തിന്റെ ഭൂരിഭാഗം ഭൂപ്രദേശങ്ങളും 12 പ്രവിശ്യാതലസ്ഥാനങ്ങളും പിടിച്ചെടുത്ത താലിബാൻ സുപ്രധാന നഗരമായ കാബൂൾ ലക്ഷ്യമിട്ടാണ് നീങ്ങുന്നത്. എങ്കിലും രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിരവധി താലിബാൻ ഭീകരരെ സൈന്യം വകവരുത്തുന്നുണ്ട്. അഫ്ഗാൻ കരസേനയും വ്യോമസേനയും സംയുക്തമായാണ് ഏറ്റുമുട്ടൽ നടത്തുന്നത്. പലയിടത്തും ആക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതിയും അഫ്ഗാൻ സൈന്യം തടയുന്നുണ്ട്. യുദ്ധസമാനമായ സാഹചര്യമായതിനാൽ അഫ്ഗാനിലെ വിദേശപൗരന്മാരെയെല്ലാം അതത് രാജ്യങ്ങളിലേക്ക് തിരികെയെത്തിക്കുകയാണ് സർക്കാരുകൾ.
Comments