ഷിംല: ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ കൂടുന്നു. രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ മണ്ണിടിച്ചിലിൽ ജീവൻ പൊലിഞ്ഞവർ 19 ആയി. അപകടം നടന്ന് നാല് ദിവസമാകുമ്പോഴും കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ഓഗസ്റ്റ് 11ന് ഉച്ചയോടെയാണ് കിന്നൗറിലെ നിഗുൽസരിയിൽ മണ്ണിടിച്ചിലുണ്ടായത്. റെക്കോങ് പിയോ – ഷിംല ദേശീയപാതയിലായിരുന്നു അപകടം. മിന്നൽ വേഗത്തിലുണ്ടായ മണ്ണിടിച്ചിലിൽ ഒരു സർക്കാർ ബസും ട്രക്കും മറ്റുചില വാഹനങ്ങളും പെട്ടുപോയി. നാൽപതിലധികം ആളുകൾ മണ്ണിനടിയിൽ കുടുങ്ങിയിരിക്കാമെന്നാണ് കരുതുന്നത്.
ഐടിബിപി, എൻഡിആർഎഫ്, പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായാണ് നാല് ദിവസമായി പുരോഗമിക്കുന്ന രക്ഷാപ്രവർത്തനം തുടരുന്നത്. അപകടത്തിൽ ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങൾക്ക് ഹിമാചൽ സർക്കാരും ഗതാഗതമന്ത്രാലയവും ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവരുടെ ചികിത്സാച്ചിലവുകളും സർക്കാർ ഏറ്റെടുത്തു. കഴിഞ്ഞ മാസം നിഗുൽസരി പ്രദേശത്ത് സമാനരീതിയിൽ മണ്ണിടിച്ചിലുണ്ടായി. അപകടത്തിൽ ഒമ്പത് വിനോദസഞ്ചാരികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
















Comments