ഇസ്ലാമാബാദ്: കൊറോണ കാലത്തെ യാത്രാ വിലക്കുകൾ നീക്കി പാകിസ്താൻ. ഇന്ത്യയടക്കം 11 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് പാകിസ്താൻ പിൻവലിച്ചത്. പാകിസ്താന്റെ വ്യോമയാന മന്ത്രാലയമാണ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളേയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരേയും നിയന്ത്രണങ്ങളില്ലാതെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയത്. ബ്രിട്ടനും അമേരിക്കയുമടക്കം ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിമാന യാത്രാ വിലക്ക് നീക്കിയിട്ടും പാകിസ്താൻ നിലവിൽ ചുവപ്പ് പട്ടികയിൽ തുടരുകയാണ്. ഇത്തരം നിയന്ത്രണങ്ങൾ `ഒഴിവാക്കാനാണ് പാകിസ്താൻ സ്വയം യാത്രാ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന നയതന്ത്രം ശൈലി സ്വീകരിക്കുന്നത്.
ഇന്ത്യക്കൊപ്പം .ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളായ ഭൂട്ടാൻ, ബംഗ്ലാദേശ്, മാലിദ്വീപ്, നേപ്പാൾ എന്നിവിടങ്ങളിലെ യാത്രക്കാർക്ക് ഇനി നിയന്ത്രണങ്ങളില്ലാതെ പാകിസ്താനിലെത്താം. കൊറോണ അതി രൂക്ഷമായി തുടരുന്ന ദക്ഷിണാഫ്രിക്ക, അർജ്ജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങൾക്കും ഇമ്രാൻ ഭരണകൂടം സ്വാഗതമോതുകയാണ്. ഇറാനും ഇറാഖും യാത്രാവിലക്ക് നീക്കിയ രാജ്യങ്ങളുടെ പട്ടികയിലുണ്ട്.
ഇതിനിടെ പാകിസ്താൻ പൗരന്മാർ വിദേശത്ത് നിന്ന് മടങ്ങിയെത്തുമ്പോൾ കൊറോണ ടെസ്റ്റ് നടത്തണമെന്ന നിയന്ത്രണം തുടരുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. വാക്‌സിനെടുത്ത ഏതു വിദേശിക്കും പാകിസ്താനിൽ വന്നിറങ്ങാം. എന്നാൽ കൊറോണ നിയന്ത്രിക്കാനായി പ്രാദേശികമായ യാത്രാ നിയന്ത്രണം തുടരുകയാണ്. വിമാന യാത്ര ചെയ്യണമെങ്കിൽ പാകിസ്താൻ പൗരന്മാർ രണ്ടു ഡോസ് വാക്‌സിനും എടുത്തിരിക്കണമെന്നാണ് നിർദ്ദേശം. ജൂൺ മാസത്തിലാണ് ഇന്ത്യയടക്കം 26 രാജ്യങ്ങളിൽ നിന്നുള്ള വിമാനയാത്രക്കാരെ പാകിസ്താൻ വിലക്കിയത്.
















Comments