മലപ്പുറം : പറപ്പൂർ റൂറൽ സഹകരണ സൊസൈറ്റിയിൽ നിന്ന് തട്ടിയെടുത്ത ഒൻപത് കോടി രൂപ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് സി. പി. എം. നേതാക്കൾക്ക് നോട്ടീസ് . സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളായ നേതാക്കൾക്കാണ് നോട്ടീസ്. സഹകരണ ജോയിന്റ് രജിസ്ട്രാറാണ് നോട്ടീസ് അയച്ചത്.
അഞ്ചാം പ്രതി അബ്ദുൾ ജബ്ബാർ (5.4) കോടി രൂപ, സെക്രട്ടറി പി. കെ. പ്രസന്നകുമാരി (2.2 കോടി), സൊസൈറ്റി പ്രസിഡന്റ് എം. മുഹമ്മദ് (98.97 ലക്ഷം) വൈസ് പ്രസിഡന്റ് സി. കബീർ (4.38 ലക്ഷം), സി. പി. എം. ജില്ലാ കമ്മറ്റി അംഗം വി. ടി. സോഫിയ (5.53 ലക്ഷം) എന്നിവർക്കാണ് നോട്ടീസ് നൽകിയത്. 2019 ലാണ് സൊസൈറ്റിയിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്നത്.
ഡി. വൈ. എഫ്. ഐ. നേതാക്കളായ രണ്ട് ജീവനക്കാർ നേരത്തെ അറസ്റ്റിലായിരുന്നു. സ്ഥിര നിക്ഷേപത്തിലും നിത്യനിധി നിക്ഷേപത്തിലും കൃത്രിമം നടത്തിയെന്നാണ് പരാതി. നിക്ഷേപകർ അറിയാതെ പണം പിൻവലിക്കുകയായിരുന്നു. സൊസൈറ്റിയിൽ പണയം വെച്ച ഉരുപ്പടികൾ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ഉടമകൾ അറിയാതെ പണയം വെച്ച് വൻതുക തട്ടിയെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Comments