ന്യൂഡൽഹി: സാഹിത്യ മേഖലയിൽ പുരുഷമേധാവിത്വം നിലനിൽക്കേ ദേശീയ പ്രധാന്യമുള്ള കവിതകൾ രചിച്ച് സ്ത്രീകൾക്ക് വഴികാട്ടിയായി മാറിയ സുഭദ്രകുമാരി ചൗഹാന് ആദരമർപ്പിച്ച് ഗൂഗിൽ ഡൂഡിൽ. കവയിത്രി എന്നതിലുപരി ഒരു സ്വാതന്ത്ര്യ സമരസേനാനി കൂടെയായിരുന്നു അവർ.
പേനയും കടലാസുമായി ഇരിക്കുന്ന ജനപ്രീതിയാർജ്ജിച്ച സുഭദ്രാകുമാരിയുടെ ചിത്രമാണ് 117ാം ജന്മദിനമായ ഇന്ന് ഡൂഡിൽ പ്രദർശിപ്പിച്ചത്. ന്യൂസിലാൻഡിലെ കലാകാരിയും ഇന്ത്യൻ വംശജയുമായ പ്രഭ മല്ല്യയാണ് ഡൂഡിൽ രൂപകൽപ്പന ചെയ്തത്. ഹിന്ദി സാഹിത്യ ലോകം മനസ്സിലേറ്റിയ ഝാൻസി കി റാണി എന്ന പ്രശസ്ത ദേശീയവാദ കവിത സുഭദ്രകുമാരിയുടെ പ്രധാന കൃതിയാണ്.
1904ൽ ഉത്തർ പ്രദേശിലെ ജില്ലയിലെ നിഹാൽപൂരിലായിരുന്നു ജനനം. ഒൻപതാം വയസ്സിലാണ് ചൗഹാന്റെ ആദ്യ കവിത പ്രകാശനം ചെയ്തത്. സ്‌കൂളിലേക്ക് പോകും വഴി കാളവണ്ടിയിൽ ഇരുന്നാണ് അവർ കവിതാ രചന ആരംഭിച്ചത്. കവിതകളിലൂടെ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിനും രാഷ്‌ട്രത്തിന്റെ പരമാധികാരത്തിനായി പോരാടാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു.
ലിംഗം, ജാതി എന്നീ വിവേചനങ്ങളെ പരാമർശിച്ചുകൊണ്ടാണ് ചൗഹാൻ ഭൂരിഭാഗം കവിതകളും രചിച്ചത്. 1923ലാണ് ഇന്ത്യയിലെ ആദ്യ വനിതാ സത്യാർത്ഥി എന്ന് അറിയപ്പെട്ട് തുടങ്ങിയത്. സുഭദ്രകുമാരിയുടെ ഓർമ്മകൾ അനശ്വരമാക്കി ഇന്നും ഇന്ത്യയിലെ ക്ലാസ്മുറികളിൽ കവിതകൾ ആലപിക്കുന്നു.
















Comments