തിരുവനന്തപുരം: മുണ്ടും നേര്യതുമുടുത്ത് താളത്തിൽ ചുവടുവെയ്‌ക്കുന്ന മേതിൽ ദേവിക. മുഖത്ത് മിന്നിമറയുന്ന ഭാവവ്യത്യാസങ്ങൾ. ഓണക്കാലത്ത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ് മേതിൽ ദേവിക പങ്കുവെച്ച നൃത്ത വീഡിയോ. മഹാബലിത്തമ്പുരാന്റെയും, വാമനന്റെയും കഥപറയുന്ന നൃത്താവിഷ്‌കാരമാണ് താരം ഫേസ്ബുക്കിൽ പങ്കുവെച്ചത്. നിമിഷങ്ങൾ കൊണ്ടുതന്നെ നൃത്ത വീഡിയോ ആരാധകരും ഏറ്റെടുത്തു.
വിവാഹമോചന വാർത്തകൾക്കിടെ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട വീഡിയോ മേതിൽ ദേവികയുടെ ശക്തമായ തിരിച്ചുവരവിന്റെ സൂചന കൂടിയാണെന്ന് ആരാധകർ പറയുന്നു. കഴിഞ്ഞ വർഷം സെപ്തംബറിൽ യൂട്യൂബിലൂടെ പുറത്തുവിട്ട വീഡിയോ മേതിൽ ദേവിക കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.വീഡിയോ പങ്കുവെച്ചതോടെ ,വീണ്ടുമൊരു തിരിച്ചുവരവിന് ഒരുങ്ങുന്ന ദേവികയ്‌ക്ക് പ്രചോദനം നൽകാനും ആരാധകർ മറന്നില്ല. പുതിയ നൃത്താവിഷ്‌കാരങ്ങൾ ഇനിയും പങ്കുവെയ്‌ക്കണമെന്ന ആവശ്യവും ഇവരിൽ നിന്ന് ഉയർന്നു.
ഇതിനെല്ലാം മേതിൽദേവിക മറുപടി നൽകിയതോടെ ആരാധകർക്കും സന്തോഷമായി. വിവാഹ മോചനവുമായി ബന്ധപ്പെട്ടുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുമ്പോഴും ദേവികയുടെ ശ്രദ്ധ പൂർണമായും നൃത്തത്തിലായിരുന്നു. ഇതിനിടെ താരം പുറത്തുവിട്ട രാമസീതാ സമാഗമ നൃത്താവിഷ്‌കാരവും ഏറെ ശ്രദ്ധേയമായിരുന്നു. കലയാണ് ശ്വാസവും ജീവിതവുമെന്ന് ദേവിക ഒരിക്കൽ കൂടി തുറന്നുകാട്ടുകയാണ്.
എംഎൽഎ മുകേഷുമായുള്ള വിവാഹ മോചനവുമായി ബന്ധപ്പെട്ട പ്രതികരണം ആരാധക മനസ്സിൽ ദേവികയ്‌ക്ക് പ്രത്യേക സ്ഥാനമാണ് നേടികൊടുത്തത്. ഇതിന് പിന്നാലെ വൈറലാകുന്ന വീഡിയോകൾ ദേവികയോടുള്ള ആരാധകപ്രിയം കൂടുതൽ വ്യക്തമാക്കുന്നു. കലാരംഗത്ത് വീണ്ടും സജീവമാകാനുള്ള ആത്മിവിശ്വാസവും പ്രോത്സാഹനവുമാണ് ഓരോ ലൈക്കുകളും, ഷെയറുകളും ദേവികയ്‌ക്കും നൽകുന്നത്.
മഹാബലി-വാമന നൃത്താവ്ഷ്ക്കാരവുമായി മേതിൽ ദേവിക,ശക്തമായ തിരിച്ചുവരവെന്ന് ആരാധകർ
Posted by Janam TV on Sunday, August 15, 2021
Comments