ഷിംല: ഹിമാചൽ പ്രദേശിലെ കിന്നൗറിലുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ ഉയരുന്നു. രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. മണ്ണിടിച്ചിൽ നടന്ന ദേശീയപാതയ്‌ക്ക് സമീപം സ്ഥിതിചെയ്യുന്ന ചൗര ഗ്രാമത്തിൽ നിന്നാണ് ഒടുവിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇനി അഞ്ച് പേരെ കണ്ടെത്താനുണ്ടെന്നാണ് കരുതുന്നത്.
ദേശീയ ദുരന്ത നിവാരണ സേനയും ഐടിബിപിയും പ്രാദേശിക സുരക്ഷാസേന ഉദ്യോഗസ്ഥരും ചേർന്നാണ് തിരച്ചിൽ തുടരുന്നത്. 11ന് ഉച്ചയോടെയാണ് കിന്നൗർ ജില്ലയിലെ നിഗുൽസരിയിൽ അപകടമുണ്ടായത്. സംഭവ ദിവസം 10 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും 13 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. മണ്ണിൽ പുതഞ്ഞുകിടന്നിരുന്ന ടാക്‌സി കാറിനുള്ളിൽ നിന്നാണ് എട്ട് മൃതദേഹങ്ങൾ കണ്ടെത്താനായത്. തകർന്ന വിധത്തിൽ രണ്ട് കാറുകളും ലഭിച്ചു.
സർക്കാർ ബസായ എച്ച്.ആർ.ടി.സി അപകടത്തിലായതാണ് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയത്. ബസും മറ്റ് വാഹനങ്ങളും രക്ഷാദൗത്യ സംഘം കണ്ടെത്തിയിരുന്നു. താഴെ പുഴയോരത്ത് നിന്നാണ് അപകടത്തിൽപ്പെട്ട ട്രക്ക് കണ്ടെത്തിയത്. ട്രക്ക് ഡ്രൈവറുടെ മൃതദേഹവും വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നു.
















Comments