വാഷിംഗ്ടൺ: അഫ്ഗാനിൽ നിന്നും അവസാന അമേരിക്കൻ പൗരനേയും പുറത്തെത്തിക്കുമെന്നും സൈനിക പിന്മാറ്റം എന്ന തീരുമാനത്തിൽ പശ്ചാത്തപിക്കുന്നില്ലെന്നും ജോ ബൈഡൻ. കാബൂൾ താലിബാൻ പിടിച്ച ഭീകരാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിലാണ് ജോ ബൈഡൻ പ്രസ്താവന നടത്തിയത്.
താലിബാന് അമേരിക്കയുടെ നയം എന്താണെന്ന് വ്യക്തമായിട്ടറിയാം.അതിനാൽ തന്നെ ഇനി അമേരിക്കൻ പൗരന്മാർക്ക് ഒരു പോറലെങ്കിലും ഏറ്റാൽ പ്രത്യാഘാതം ഗുരുതരവും ശക്തവുമായിരിക്കുമെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകി. സൈനിക പിന്മാറ്റത്തിന് അമേരിക്ക സമയം നിശ്ചയിച്ചിരുന്നു. അതിനേക്കാൾ വേഗത്തിലാണ് നടപടി പൂർത്തിയാക്കിയത്. താലിബാന്റെ നീക്കങ്ങൾ സമാധാന ചർച്ചകളിലെ എല്ലാ തീരുമാനങ്ങളും ലംഘിച്ചുകൊണ്ടാണെന്നും ബൈഡൻ പറഞ്ഞു.
അഫ്ഗാനിലെ സർക്കാറിനായി കഴിഞ്ഞ 20 വർഷം ചെയ്യാവുന്നതെല്ലാം അമേരിക്ക ചെയ്തു. സമാധാനം പുന: സ്ഥാപിക്കാനും ഭീകരത ഇല്ലാതാക്കാനുമാണ് ശ്രമിച്ചത്. ഒരു ലക്ഷ്യമു ണ്ടായിരുന്നു. അത് പൂർത്തിയായി. അമേരിക്കൻ ജനതയോട് ഇടയ്‌ക്കിടയ്‌ക്ക് വാക്കു മാറ്റിപ്പറയാൻ തനിക്കാകില്ല. സൈനിക പിന്മാറ്റമെന്നത് ആത്യന്തികമായ തീരുമാനമാണ്. ഇനി ഏതാനും മണിക്കൂറുകൾക്കുള്ളിൽ അത് പൂർത്തിയാകുമെന്നും ബൈഡൻ അറിയിച്ചു. അഫ്ഗാനിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറാൻ തീരുമാനിച്ച 2000 പേരെക്കൂടി രക്ഷപെടുത്താൻ എല്ലാ നടപടികളും പൂർത്തിയായെന്നും ബൈഡൻ പറഞ്ഞു.
















Comments