ന്യൂഡൽഹി : പെഗാസസ് വിഷയത്തിൽ ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. പെഗാഗസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
പെഗാസസ് സോഫ്റ്റ്‌വെയർ കേന്ദ്രസർക്കാർ ഉപയോഗിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജി. എന്നാൽ ഇക്കാര്യങ്ങൾ പുറത്തുവിടാനാകില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ആവർത്തിച്ചിരുന്നു. ഇതേ തുടർന്നാണ് കോടതി രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തേണ്ടെന്ന് അറിയിച്ചത്.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിട്ട് വീഴ്ച ചെയ്യാനോ, പ്രതിരോധമന്ത്രാലയത്തിന്റെ നടപടികളിൽ ഇടപെടാനോ ആഗ്രഹിക്കുന്നില്ല. അതിനാൽ ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെടില്ല. എന്നാൽ ആളുകൾക്ക് തങ്ങളുടെ ഫോണിൽ എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള ആഗ്രഹമുണ്ട്. അതിനാൽ കോടതി മുൻപാകെ ഇക്കാര്യം വ്യക്തമാക്കണമെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ട് കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു.
















Comments