ഭുബനേശ്വർ: ഇന്ത്യൻ ഹോക്കിയുടെ രക്ഷകർത്താവായി തുടരാൻ തയ്യാറെന്ന് ഒഡീഷ സംസ്ഥാന സർക്കാർ. അടുത്ത പത്തുവർഷത്തേക്ക് കൂടി ഹോക്കി ടീമിനെ
സ്‌പോൺസർ ചെയ്യാൻ തയ്യാറാണെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് അറിയിച്ചു. ഒളിമ്പിക്‌സിൽ ചരിത്ര നേട്ടം കുറിച്ച പുരുഷ വനിതാ ടീമുകളുടെ താരങ്ങളെ അഭിനന്ദിച്ച ചടങ്ങാണ് നവീൻ പട്‌നായികിന്റെ നേതൃത്വത്തിൽ നടന്നത്. മെഡൽ നേടിയ പുരുഷ ടീമിന് പ്രത്യേക പുരസ്‌കാരങ്ങൾ നൽകിയ ചടങ്ങിൽ വനിതാ ടീമിലെ മികച്ച പ്രകടനങ്ങൾ നടത്തിയ താരങ്ങൾക്കും പ്രത്യേക പുരസ്‌ക്കാരങ്ങൾ നൽകി.
2018 മുതൽ ഇന്ത്യൻ ഹോക്കിയുടെ ഔദ്യോഗിക സ്‌പോൺസർ ഒഡീഷ സർക്കാരാണ്. കായിക ടീമിനെ സ്‌പോൺസർ ചെയ്യുന്ന ഏക സംസ്ഥാനമാണ് ഒഡീഷ. ഒളിമ്പിക്‌സ് നേട്ടത്തോടെ ഹോക്കി ഒഡീഷയിലെ ജനങ്ങളിൽ ഏറെ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.
ഇത് ഇന്ത്യൻ ഹോക്കിയുടെ ചരിത്രനിമിഷമാണ്. ഹോക്കിയിൽ 41വർഷത്തിന് ശേഷം ഒളിമ്പിക്‌സിൽ നേടിയ മെഡൽ ഏറെ വിലമതിക്കുന്നതാണെന്നും നവീൻ പട്‌നായിക് പറഞ്ഞു. ഹോക്കിയുടെ വിജയ യാത്രയിൽ പങ്കാളിയാകാൻ സാധിക്കുന്നത് വലിയ സൗഭാഗ്യമാണെന്നും അത് തുടരാൻ ആഗ്രഹിക്കുന്നുവെന്നും നവീൻ പട്‌നായിക് പറഞ്ഞു.
ഹോക്കി ടീം അംഗങ്ങൾ ഒന്നടങ്കം ഒഡീഷ സർക്കാറിന് നന്ദി അറിയിച്ചു. കലിംഗ സ്റ്റേഡിയ ത്തിൽ അന്താരാഷ്‌ട്ര മത്സരങ്ങൾ നടക്കുമ്പോൾ ലോകനിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഒഡീഷ സർക്കാർ നൽകുന്നതെന്നും ഹോക്കി ടീമംഗങ്ങൾ പറഞ്ഞു. നവീൻ പട്‌നായികിന്റെ പിന്തുണ വിലമതിക്കാനാകാത്തതാണെന്ന് പുരുഷ ടീം നായകൻ മൻപ്രീതും അഭിപ്രായപ്പെട്ടു.
















Comments