ലണ്ടൻ: അഫ്ഗാനിലെ താലിബാൻ നീക്കത്തിൽ ഇന്ത്യ ലോകരാജ്യങ്ങൾക്ക് മുന്നിൽ സംശയം പ്രകടിപ്പിച്ചു. താലിബാൻ ഭീകരത വർദ്ധിപ്പിക്കുമെന്ന മുന്നറിയിപ്പു നൽകിയ വിദേശകാര്യമന്ത്രാലയം വിഷയം ബ്രിട്ടീഷ് ഭരണകൂടവുമായി ചർച്ചചെയ്തു. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ബ്രീട്ടീഷ് വിദേശകാര്യമന്ത്രി ഡോമിനിക് റാബുമാണ് അഫ്ഗാനിലെ സ്ഥിതിഗതികൾ വിലയിരുത്തിയത്. ജയശങ്കർ ഫോണിലൂടെയാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയെ ബന്ധപ്പെട്ടത്.
ഇന്ത്യ അമേരിക്കയും ബ്രിട്ടനുമായും അഫ്ഗാൻ വിഷയത്തിൽ നിരന്തരം ആശയവിനിമയം നടത്തുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ബ്രിട്ടന്റെ ഇടപെടൽ രാഷ്‌ട്രീയ പരിഹാരത്തിന് ഗുണകരമാക്കാനാണ് ഇന്ത്യയുടെ നീക്കം. ഇതിനിടെ കഴിഞ്ഞ 20 വർഷം താലിബാനെതിരെ ശക്തമായി നിലയുറപ്പിച്ച അമേരിക്ക മേഖലയിൽ കൂടുതൽ ഇടപെടില്ലെന്നത് പരിഹരിക്കാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നത്. പാകിസ്താനും ചൈനയും മേഖലയിൽ പിടിമുറുക്കുന്നതിന്റെ അപകടം ഇന്ത്യ മുന്നേ അമേരിക്കയുമായി ചർച്ച ചെയ്തിരുന്നു.
അറുപത് വിദേശരാജ്യങ്ങളുടെ പ്രതിനിധികളാണ് കാബൂളിലുള്ളത്. അഫ്ഗാനിലെ മറ്റ് പ്രദേശങ്ങളിലുള്ള വിദേശപൗരന്മാരേയും കാബൂളിലേക്ക് എത്തിക്കാനുള്ള ശ്രമം താലിബാനുമായി ചേർന്ന് പുരോഗമിച്ചുകൊണ്ടിരിക്കുന്നതായാണ് സൂചന. വിദേശ പൗരന്മാരുടെ മടക്കയാത്ര സുഗമമാക്കാനുള്ള സംവിധാനങ്ങൾ നിലവിൽ അമേരിക്കയാണ് ശ്രദ്ധിക്കുന്നത്. അമേരിക്ക, ബ്രിട്ടൺ, ജപ്പാൻ, ജർമ്മനി, കാനഡ എന്നീ രാജ്യങ്ങൾ ഉദ്യോഗ സ്ഥരേയും പൗരന്മാരേയും നീക്കുന്ന ജോലി തുടരുകയാണ്. ഇതിനിടെ അഫ്ഗാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ അഭയാർത്ഥികളെ സ്വീകരിക്കണമെന്ന് ഐക്യരാഷ്‌ട്രസഭ വീണ്ടും അഭ്യർത്ഥിച്ചു.
















Comments