ചണ്ഡീഗഡ്: കൊറോണ ബാധിച്ച് മരിച്ച പാവപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. വാർഷിക വരുമാനം 1.80 ലക്ഷത്തിൽ താഴെയുളള കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക. നിയമസഭയിൽ ചോദ്യോത്തരവേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇൻഷുറൻസ് പദ്ധതിപ്രകാരമാണ് തുക നൽകുകയെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വ്യാപനത്തിലും തടസ്സമില്ലാത്ത ഓക്‌സിജൻ വിതരണം ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ മതിയായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് ഖട്ടാർ പറഞ്ഞു. തടസ്സമില്ലാത്ത ഓക്‌സിജൻ വിതരണം ഉറപ്പാക്കുന്നതിന് റോഡ്, ട്രെയിനുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ ഗതാഗതസംവിധാനങ്ങളിലൂടെയും ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
ഓക്‌സിജൻ വിതരണം ഉറപ്പുവരുത്തുന്നതിനായി കോൺസെൻട്രേറ്ററുകളും കൊണ്ടുവന്നു. നിരവധി സാമൂഹിക സംഘടനകളും ഇതിന് സംഭാവന നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടക്കത്തിൽ ഹരിയാനയ്‌ക്ക് കേന്ദ്രത്തിൽ നിന്ന് 150 മെട്രിക് ടൺ ഓക്‌സിജൻ ലഭിച്ചിരുന്നു. അത് പിന്നീട് 285 മെട്രിക് ടണ്ണായി ഉയർത്തിയെന്നും അദ്ദേഹം അറിയിച്ചു.
ഹരിയാനയിൽ നിലവിൽ 670 സജീവ കൊറോണ കേസുകളാണുള്ളത്.
Comments