ന്യൂഡൽഹി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിന്റെ മരണത്തിൽ അനുശോചിച്ച് രാഷ്‌ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ട്വിറ്ററിലൂടെയാണ് ഇരുവരുടേയും പ്രതികരണം. കല്യാൺ സിങ്ങിന് ജനങ്ങളുമായി മാന്ത്രിക ബന്ധം ഉണ്ടായിരുന്നുവെന്നാണ് രാഷ്‌ട്രപതികുറിച്ചു. അദ്ദേഹത്തിന്റെ മരണത്തിൽ വാക്കുകളാൽ പ്രകടിപ്പിക്കാനാവുന്നതിന് അപ്പുറം ദുഃഖിനാണെന്ന് പ്രധാനമന്ത്രി കുറിച്ചു.
കല്യാൺ സിങ്ങിന്റെ വിയോഗത്തിലൂടെ ജ്യേഷ്ഠനേയും കൂട്ടാളിയേയുമാണ് നഷ്ടമായതെന്നാണ് രാഷ്‌ട്രപതി കുറിച്ചത്. അദ്ദേഹത്തിന്റെ മരണം നികത്താനാകാത്ത ശൂന്യതയാണ് സൃഷ്ടിച്ചതെന്നും രാഷ്‌ട്രപതി പറഞ്ഞു.
രാജ്യ തന്ത്രജ്ഞനും മികച്ച ഭരണാധികാരിയും മഹാനായ മനുഷ്യനുമായിരുന്നു കല്യാൺ സിംഗ്. ഉത്തർപ്രദേശിന്റെ വികസനത്തിൽ അദ്ദേഹം മറക്കാനാകാത്ത സംഭവന നൽകിയിരുന്നുവെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കല്യാൺ സിങ്ങിന്റെ മകൻ രാജ് വീറിനോട് സംസാരിച്ചതായും അനുശോചനം അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയേയും രാഷ്‌ട്രപതിയേയും കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ തുടങ്ങിയവരും അനുശോചനം അറിയിച്ചു.
Comments