കാബൂൾ: താലിബാൻ ഭീകരരെ അംഗീകരിക്കുന്നതായും എന്നാൽ അവരെ പിന്തുണയ്‌ക്കില്ലെന്നും അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ സഹോദരൻ ഹഷ്മത്ത് ഗനി അഹ്മദ്‌സായി. രാജ്യത്തെ അസ്ഥിരത ഒഴിവാക്കാൻ അവരെ അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്ന് ഹഷ്മത്ത് പറഞ്ഞു. താലിബാൻ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ അവർക്ക് പിന്തുണ പ്രഖ്യാപിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം.
പരിവർത്തന കാലഘട്ടത്തിൽ രാജ്യത്തെ സഹായിക്കാൻ താൻ ഇവിടെ തുടരാൻ തീരുമാനിച്ചു. എന്നാൽ ഭീകരസംഘടനയ്‌ക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടില്ല. താലിബാനെ അംഗീകരിച്ചത് രാജ്യത്തെ രാഷ്‌ട്രീയവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ്. പിന്തുണയ്‌ക്കുക എന്നത് വളരെ ശക്തമായ വാക്കാണെന്നും ഹഷ്മത്ത് പറഞ്ഞു.
താലിബാൻ അക്രമം നടത്തുമെന്ന് തോന്നുന്നില്ല. അവർ അഫ്ഗാൻ ബിസിനസുകളോട് മര്യാദ കാണിച്ചു. സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുമെന്ന് പറയുന്നു. താലിബാൻ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് കരുതുന്നതായും ഹഷ്മത്ത് വ്യക്തമാക്കി.
താലിബാൻ നേതാവ് ഖലീൽ ഉർ റഹ്മാൻ, മത പണ്ഡിതൻ മുഫ്തി മഹ്മൂദ് സാക്കിർ എന്നിവരോടൊപ്പം നിന്ന് ഹഷ്മത്ത് പ്രതിജ്ഞ ചൊല്ലുന്ന വീഡിയോ പുറത്തുവന്നിരുന്നു. പിന്നാലെയാണ് പിന്തുണ പ്രഖ്യാപിച്ചെന്ന തരത്തിലെ വാർത്തകളും പ്രചരിച്ചത്.
















Comments