മൊറാര്‍ജി ദേശായി റെസിഡന്‍ഷ്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ശ്രമഫലമായി പാഴ്ഭൂമി പച്ചപ്പായി മാറി. കര്‍ണാടകയിലെ കൊപ്പള ജില്ലയിലെ ലിങ്കനബുന്ധി എന്ന കൊച്ചുഗ്രാമത്തിലാണ് ഈ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ഏകദേശം എട്ട് ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഈ ക്യാംപസ് അവിടെ താമസിച്ചു പഠിക്കുന്ന 250 വിദ്യാര്‍ത്ഥികളുടെ കഠിന പ്രയത്നത്തിന്റെ ഫലമായാണ് ഇത്തരത്തില്‍ മാറിയത്. ഏകദേശം മൂന്നര വര്‍ഷം മുമ്പാണ് ഇതിന്റെ തുടക്കം.
സ്‌കൂളിലെ 6 മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പൂന്തോട്ട നിര്‍മ്മാണത്തില്‍ കാര്യമായി ശ്രദ്ധയൂന്നാന്‍ തീരുമാനിച്ചതോടെ കാര്യങ്ങള്‍ പെട്ടെന്ന് മാറിമറിയുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ പിന്തുണയുമായി അവരുടെ അധ്യാപകരും കൂടെയുണ്ടായിരുന്നു. മണ്ണ് കിളയ്‌ക്കുന്നത് മുതല്‍ ഏത് ചെടികള്‍ തെരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ വരെ മുന്‍പന്തിയില്‍ നിന്നത് വിദ്യാര്‍ത്ഥികള്‍ തന്നെയാണ്.
ഏകദേശം 2000ല്‍ പരം വരുന്ന ചെടികളും മരങ്ങളും ഈ തോട്ടത്തിലുണ്ട്. കൂടാതെ സ്‌കൂള്‍ അധികൃതര്‍ ഗ്രാമ പഞ്ചായത്ത് പ്രതിനിധികളെ സമീപിച്ചതിന്റെ ഫലമായി ക്യാംപസിനകത്ത് തന്നെ മഴവെള്ളം സംഭരിക്കാനുള്ള സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ആത്മാര്‍ത്ഥതയും താല്‍പര്യവും കണ്ട് നാട്ടുകാരായ യുവാക്കളും അവരോടൊപ്പം ചേര്‍ന്നതോടെ പദ്ധതി വിജയിക്കുകയായിരുന്നു. ഇതിന്റെ ഫലമെന്നോണം എട്ട് ഏക്കര്‍ പാഴ്ഭൂമി ഇന്ന് പച്ചപ്പുള്ള ഭൂമിയായി മാറി.മാങ്ങ, ചെറി, പുളി, ചക്ക, പഴം, പപ്പായ, കോട്ടണ്‍, ജാമൂന്‍, ഫിക്കസ്, പാം തുടങ്ങി നിരവധി സസ്യ, പഴ വര്‍ഗങ്ങളാണ് ഈ സ്‌കൂള്‍ തോട്ടത്തില്‍ വിളയിക്കുന്നത്.
”ആദ്യ ദിവസം മുതല്‍ അവര്‍ തന്നെ നട്ടുവളര്‍ത്തിയത് കൊണ്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇവിടത്തെ സസ്യങ്ങളോട് ഏറെ വൈകാരിമായി തന്നെ ബന്ധപ്പെട്ടു കിടക്കുന്നു. കുട്ടികള്‍ക്ക് ആഗോള താപനത്തെ കുറിച്ചും, ജല സംരക്ഷണത്തെ കുറിച്ചും, മരങ്ങളും സസ്യങ്ങളും വളര്‍ത്താനുള്ള ആളുകളുടെ ബുദ്ധിമുട്ടുകളെ കുറിച്ചും അവബോധം നല്‍കാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ കരുതിയത്. കൊറോണ കാരണം ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടേക്ക് വരാന്‍ സാധിക്കുന്നില്ലെങ്കിലും ഈ തോട്ടങ്ങളെ ഞങ്ങള്‍ നന്നായി പരിപാലിക്കുന്നുണ്ടെന്നും ചെടികള്‍ വളര്‍ന്നത് കണ്ട് അവര്‍ക്ക് വളരെ സന്തോഷമാകുമെന്നും മൊറാര്‍ജി ദേശായി റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശരണപ്പ കര്‍ജാഗി പറഞ്ഞു.
Comments