ഛണ്ഡീഗഡ് : ശിവഭഗവാന് ജലാഭിഷേകം നടത്തി ഒളിമ്പിക്‌സ് ഗുസ്തി വെള്ളിമെഡൽ ജേതാവ് രവി ദഹിയ. ഒളിമ്പിക്‌സ് മത്സരശേഷം വീട്ടിലേക്ക് മടങ്ങുംവഴിയായിരുന്നു പ്രദേശത്തെ ശിവക്ഷേത്രത്തിലെത്തി അഭിഷേകം നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ദഹിയയെ ബാഹുബലിയോട് ഉപമിച്ചുകൊണ്ടുള്ള കമന്റുകളുമായി ആരാധകരും രംഗത്ത് എത്തി.
ടോക്കിയോയിൽ നിന്നും രാജ്യത്ത് എത്തിയ ദഹിയ ചൊവ്വാഴ്ചയാണ് വീട്ടിലേക്ക് വരുന്നത്. മറ്റ് താരങ്ങൾക്കൊപ്പം ഡൽഹിയിൽ എത്തിയ ദഹിയ വിവിധയിടങ്ങളിലായി സംഘടിപ്പിച്ച സ്വീകരണ പരിപാടികളിൽ പങ്കെടുത്ത ശേഷം പരിശീലകനെ കാണാൻ കഴിഞ്ഞ ദിവസം ജമ്മു കശ്മീരിൽ എത്തിയിരുന്നു. ഇവിടെ നിന്നുമാണ് ജന്മദേശമായ സോനിപതിലേക്ക് മടങ്ങിയത്.
കാവിമുണ്ടുടുത്ത് മറ്റുള്ളവരുടെ സഹായമില്ലാതെയാണ് ദഹിയ ജലാശയത്തിൽ നിന്നും കുടത്തിൽ വെള്ളം നിറച്ച് ശിവലിംഗത്തിൽ അഭിഷേകം നടത്തിയത്. ഇത് ക്ഷേത്രത്തിൽ എത്തിയ മറ്റ് ഭക്തർക്കും അതിശയമുളവാക്കി. ദഹിയ ക്ഷേത്ര സന്ദർശനം നടത്തുന്നതിന്റെയും, ജലാഭിഷേകം നടത്തുന്നതിന്റെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യഥാർത്ഥ ജീവിതത്തിലെ ബാഹുബലിയെന്ന കുറിപ്പോടെയാണ് എല്ലാവരും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. ദഹിയയുടെ ഭക്തിയെയും ആളുകൾ വാഴ്‌ത്തുന്നുണ്ട്.
കഴിഞ്ഞ വർഷം ദഹിയ ഉത്തരാഖണ്ഡിലെ തുംഗനാഥ് ക്ഷേത്രം സന്ദർശിച്ചിരുന്നു. ഒളിമ്പിക്‌സ് മെഡൽ ജേതാവ് ദീപക് പൂനിയയ്‌ക്കൊപ്പമായിരുന്നു സന്ദർശനം.
















Comments