കാബൂൾ :അഫ്ഗാൻ പൗരന്മാരെ കാബൂൾ വിമാനത്താവളത്തിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് താലിബാൻ.കാബൂൾ വിമാനത്താവളത്തിൽ ജനക്കൂട്ടം തടസ്സം സൃഷ്ടിക്കുന്നതിനും സുരക്ഷാ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനുമായിട്ടാണ് നിരോധനം നടപ്പിലാക്കുന്നതെന്നാണ് താലിബാൻ നൽകുന്ന വിശദീകരണം. അഫ്ഗാൻ പൗരന്മാർക്ക് ഇനി വിമാനത്താവളത്തിലേക്ക് പോകാൻ അനുവാദമില്ല. വിദേശികൾക്ക് മാത്രമേ ഇനി വിമാനത്താവളത്തിലേക്ക് പോകാൻ അനുവാദമുള്ളൂ എന്നാണ് താലിബാൻ വക്താവ് പറഞ്ഞത്
അഫ്ഗാനിസ്ഥാനിൽ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നുണ്ട്. എന്നാൽ കാബൂൾ വിമാനത്താവളത്തിൽ ഇപ്പോഴും സംഘർഷം നിലനിൽക്കുന്നുണ്ടെന്നും താലിബാൻ വക്താവ്. പഞ്ചശിർ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു.2021 ഓഗസ്റ്റ് 31 നകം അമേരിക്കൻ സൈന്യം രാജ്യത്ത് നിന്ന് പൂർണമായും പിന്മാറണമെന്നും അഫ്ഗാൻ വിടാൻ അമേരിക്ക, അഫ്ഗാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കരുതെന്നും മുജാഹിദ് കൂട്ടിചേർത്തു.
യുഎസുമായും നാറ്റോ സേനയുമായും ബന്ധമുള്ള ആളുകളെയും കുടുംബങ്ങളെയും തേടി താലിബാൻ വീടുവീടാന്തരം കയറിയിറങ്ങുകയാണെന്ന് ഐക്യരാഷ്‌ട്രസഭയുടെ രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.അതിന് ശേഷമാണ് താലിബാന്റെ പുതിയ നിർദ്ദേശങ്ങൾ.
അടുത്തിടെ താലിബാൻ അഫ്ഗാൻ പൗരന്മാർക്ക് പൊതുമാപ്പ് വാഗ്ദാനം ചെയ്തിരുന്നു.കൂടാതെ സ്ത്രീകളുടെ അവകാശങ്ങളും സുരക്ഷയും പരിപാലിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു.എന്നാൽ സുരക്ഷ അതിന്റെ പൂർണതയിൽ എത്തുന്നതുവരെ സ്ത്രീകളോട് വീട്ടിൽ തുടരാൻ താലിബാൻ നിർദേശം നൽകി.
താലിബാനും സിഐഎയും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മുജാഹിദ് പറഞ്ഞു. യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി മേധാവി വില്യം ബേൺസ് കാബൂളിൽ താലിബാൻ സഹസ്ഥാപകൻ മുല്ല അബ്ദുൽ ഗനി ബരാദറുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു
















Comments