എറണാകുളം: നഴ്‌സിങ് ഹോമിന്റെ മറവിൽ ജോലി തട്ടിപ്പ് നടത്തിയ പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. രാജക്കാട് മുല്ലക്കാനം സ്വദേശി ഷാജിയാണ് (54) മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. പതിനഞ്ചോളം പേരിൽ നിന്നായി ഏകദേശം പതിനഞ്ച് ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
മൂവാറ്റുപുഴയിൽ അഡോണ നഴ്‌സിങ് ഹോം നടത്തുകയായിരുന്നു ഇയാൾ. ഇതിന്റെ മറവിലാണ് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയത്. പോളണ്ടിലെ സൂപ്പർ മാർക്കറ്റിൽ വിവിധ തസ്തികകളിലായി ലക്ഷക്കണക്കിന് രൂപ ശമ്പളമുള്ള ജോലിയായിരുന്നു വാഗ്ദാനം.
ജോലി കിട്ടാതായപ്പോൾ പണം കൊടുത്തവർ മൂവാറ്റുപുഴ സ്റ്റേഷനിൽ പരാതി നൽകി. ഇതറിഞ്ഞതോടെ പാസ്റ്റർ സ്ഥലം വിട്ടു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പാസ്റ്ററെ കണ്ടെത്തിയത്. ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പേഴക്കാപ്പിള്ളിയിൽ നിന്നും പിടികൂടുകയായിരുന്നു.
എസ്.എച്ച്.ഒ. സിജെ മാർട്ടിൻ, എസ്.ഐ വികെ ശശികുമാർ, എ.എസ്.ഐമാരായ സുനിൽ സാമുവൽ, ജയകുമാർ, സി.പി.ഒ ബിബിൽ മോഹൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കൂടുതൽ പരാതികളുണ്ടെന്നും കൂട്ടുപ്രതികളുണ്ടോയെന്ന് പരിശോധിക്കുമെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു.
Comments