മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിലായി. ഒഴൂർ വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് ഗീരീഷ് കുമാറിനെയാണ് ഓഫീസിൽ വെച്ച് 500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.
ഭൂമിയുടെ സർവ്വെ നമ്പർ ശരിയാക്കുന്നതിനായി സ്ഥല പരിശോധനയ്‌ക്ക് വരുന്നതിന് ഓമച്ചപ്പുഴ സ്വദേശി അലി എന്നയാളിൽ നിന്ന് പണം ആവശ്യപ്പെടുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ ഫയൽ നീങ്ങുകയില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി.
മറ്റുവഴിയില്ലാത്തതിനാൽ അലി മലപ്പുറം വിജിലൻസ് യൂണിറ്റിൽ പരാതി നൽകി. കഴിഞ്ഞ ദിവസം പണം വാങ്ങുന്നതിനിടയിൽ ഗീരീഷ് കുമാറിനെ വിജിലൻസ് സംഘം നേരിട്ടെത്തി അറസ്റ്റു ചെയ്തു.
മലപ്പുറം വിജിലൻസ് ഡി. വൈ. എസ്. പി. ഫിറോസ് എം. ഷഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉദ്യോഗസ്ഥനെ വലയിലാക്കിയത്. തുടർന്ന് ഓഫീസിൽ നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് കണക്കിൽ പെടാത്ത 5740 രൂപയും കണ്ടെടുത്തു.
Comments