ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സ്ഥിതി അതീവ ഗുരുതമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി. ന്യൂഡൽഹിയിൽ വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗത്തിലാണ് അഫ്ഗാനിലെ ഇന്ത്യൻ രക്ഷാദൗത്യവും മറ്റ് സുരക്ഷാ വിഷയങ്ങളും കേന്ദ്രമന്ത്രി വിശദീകരിച്ചത്. താലിബാൻ ഭീകരർ സൃഷ്ടിച്ചിരിക്കുന്ന അരക്ഷിതാവസ്ഥയിൽ നിന്നും പൗരന്മാരെ രക്ഷിക്കുക എന്നതാണ് മുൻഗണനയിലുള്ള വിഷയമെന്നും ജയശങ്കർ പറഞ്ഞു.
അഫ്ഗാനിൽ രക്ഷാപ്രവർത്തങ്ങൾക്കുമുന്നേ ആരംഭിച്ച നയതന്ത്രപരമായ നീക്കങ്ങൾ, അമേരിക്കയുമായുള്ള ധാരണകൾ, കാബൂളിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം എന്നിവയെല്ലാം ജയശങ്കർ വിശദീകരിച്ചു. അഫ്ഗാൻ വിഷയത്തിൽ അയൽരാജ്യങ്ങളായ പാകിസ്താൻ, റഷ്യ, താജിക്കിസ്താൻ എന്നിവയുടെ നീക്കങ്ങളും ഖത്തർ സമാധാന യോഗത്തിൽ പങ്കെടുത്ത സമയത്തെ താലിബാന്റെ സമീപനങ്ങളും ജയശങ്കർ സൂചിപ്പിച്ചു.
2020 ഏപ്രിൽ മാസത്തിൽ തന്നെ ഹെറാത്ത്, ജലാലാബാദ് പ്രവിശ്യകളിലെ എംബസി ഇന്ത്യ ഒഴിവാക്കി. ഈ വർഷം ജൂൺ മാസത്തിൽ തലസ്ഥാന നഗരമായ കാബൂളിലെ എംബസി ജീവനക്കാരുടെ എണ്ണം പകുതിയാക്കി കുറച്ചുവെന്നും ജയശങ്കർ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ജൂലൈ 10നും 11നുമായി പൗരന്മാരെ കണ്ഡഹാറിൽ നിന്നും കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ മസാർ ഇ ഷെരീഫിൽ നിന്നും ഒഴിപ്പിച്ചതായും ഒഴിപ്പിച്ചതായും ജയശങ്കർ അറിയിച്ചു. ഇതുവരെ 565 പേരെയാണ് ഇന്ത്യ നേരിട്ട് കാബൂളിന് പുറത്തെത്തിച്ചതെന്നും ജയശങ്കർ സർവകക്ഷിയോഗത്തിൽ വ്യക്തമാക്കി.
മാനുഷിക പരിഗണനയോടെ തന്നെ അഫ്ഗാനിൽ ഇടപെടുമെന്ന് പറഞ്ഞ ജയശങ്കർ അഫ്ഗാൻ ജനതയ്‌ക്ക് വേണ്ട ജീവൻരക്ഷാ സഹായങ്ങൾ നൽകുമെന്നും വ്യക്തമാക്കി. ഐക്യരാഷ്‌ട്രസഭയുടെ എല്ലാ നിർദ്ദേശങ്ങളും പാലിക്കുമെന്നും വ്യക്തമാക്കി. നിലവിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അഫ്ഗാൻ സെല്ല് സംവിധാനമാണുള്ളതെന്നും അഫ്ഗാൻ പൗരന്മാർക്കായി ഇ-വിസ സംവിധാനം ഒരുക്കിയെന്നും അറിയിച്ചു.
















Comments