ന്യൂഡൽഹി: കൊവിഷീൽഡ് വാക്‌സിന്റെ ഇരുഡോസുകളും തമ്മിലുള്ള ഇടവേള കുറയ്‌ക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. വാക്‌സിൻ ഉപദേശക സമിതിയുമായി ഇടവേള കുറക്കുന്നതിൽ സർക്കാർ കൂടിയാലോചന നടത്തുമെന്നാണ് സൂചന. വാക്‌സിന്റെ ഫലപ്രാപ്തി സംബന്ധിച്ച പഠന റിപ്പോർട്ടുകൾ കണക്കിലെടുത്തായിരിക്കും ഇടവേളയിൽ വ്യത്യാസം വരുത്താനുള്ള അന്തിമ തീരുമാനം.
പൂനെ ആസ്ഥാനമായുള്ള സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന ഓക്‌സ്‌ഫോർഡ് അസ്ട്രാസെൻകയുടെ (ഇന്ത്യയിൽ കൊവിഷീൽഡ്) ഇരുഡോസുകളും എടുക്കുന്നതിന് നിലവിൽ 84 ദിവസമാണ് (12 മുതൽ 16 ആഴ്ച) ഇടവേള നിർദേശിക്കുന്നത്. മെയ് 23ന് മുമ്പ് വരെ 6-8 ആഴ്ചയായിരുന്നു കൊവിഷീൽഡ് വാക്‌സിൻ ഡോസുകളുടെ ഇടവേള. തുടർന്ന് വാക്‌സിന്റെ ഫലപ്രാപ്തി കണക്കിലെടുത്ത് ഇടവേള വർദ്ധിപ്പിക്കുകയാണെന്ന് അധികൃതർ അറിയിച്ചിരുന്നു.
എന്നാൽ ഡൽഹിയിൽ പ്രവർത്തിക്കുന്ന ഗംഗാ റാം ആശുപത്രിയുടെ ഗവേഷണ വിഭാഗം നടത്തിയ പഠനത്തിൽ കൊവിഷീൽഡ് വാക്‌സിന്റെ ആദ്യ ഡോസ് നൽകുന്ന ഫലപ്രാപ്തി കുറവാണെന്നാണ് കണ്ടെത്തൽ. അതിനാൽ രണ്ടാമത്തെ ഡോസ് അധികം വൈകാതെ എടുക്കുന്നതാണ് സഹായിക്കുകയെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. ഡോക്ടർമാർ, നഴ്‌സുമാരും ഉൾപ്പെടെ 4,700 ആശുപത്രി ജീവനക്കാരിലാണ് പഠനം നടത്തിയത്.
















Comments