ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണയുടെ രണ്ടാമത്തെ തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം പറഞ്ഞു.വരും മാസങ്ങളിലെ ഉത്സവാഘോഷങ്ങളിൽ ജനങ്ങൾ കൊറോണ പ്രോട്ടോകോളുകൾ പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.
സെപ്തംബർ ഒക്ടോബർ മാസങ്ങൾ രാജ്യത്ത് ഉത്സവങ്ങളുടെ കാലമാണ്.എന്നാൽ ജാഗ്രത കൈവിടാതെ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചായിരിക്കണം ജനങ്ങൾ ആഘോഷങ്ങളിൽ പങ്കുചേരേണ്ടതെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. ആളുകൾ പ്രതിരോധകുത്തിവെയ്‌പ്പെടുത്താലും കൊറോണ പ്രോട്ടോകോളുകൾ പാലിക്കുന്നതിൽ മടി കാണിക്കരുത്. വാക്‌സിനുകൾ രോഗത്തിന്റെ തീവ്രത കുറയ്‌ക്കുകയാണ് ചെയ്യുന്നത്. അതിനാൽ വാക്‌സിൻ സ്വീകരിച്ചുകഴിഞ്ഞ ആളുകളും മാസ്‌ക്, സാനിറ്റെസർ മുതലായ കാര്യങ്ങൾ ഉപയോഗിക്കുന്നത് തുടരണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
ഇന്ത്യയിലെ കോവിഡ് കേസുകളിൽ പകുതിയിലേറെയും കേരളത്തിലാണ്. 58.4 ശതമാനത്തോളമാണിത്.ഒരുലക്ഷത്തിലേറെ സജീവ കേസുകൾ ഉള്ള ഏകസംസ്ഥാനവും കേരളമാണ്. ഈ സാഹചര്യത്തിൽ കേരളം കൊറോണ പ്രതിരോധത്തിൽ ഇനിയും പിന്നോട്ട് പോവരുത്. സംസ്ഥാനത്ത് പരിശോധനകൾ വർദ്ധിപ്പിക്കണമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങളിൽ പറയുന്നു. രാജ്യവ്യാപകമായി പ്രതിരോധകുത്തിവെയ്പ്പ് വേഗത്തിലാക്കാൻ ഉള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു.കൊറോണ മൂന്നാം തരംഗത്തെ നേരിടാൻ രാജ്യം സുസജ്ജമാണെന്നും ജനങ്ങൾ സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും ഒപ്പം നിൽക്കണമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
Comments