മുംബൈ: ഇന്ത്യയിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ ആദ്യ ലംബോർഗിനി ഉറുസ് ഗ്രാഫൈറ്റ് ക്യാപ്‌സ്യൂൾ എഡിഷൻ സ്വന്തമാക്കി തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻടിആർ (എൻടി രാമ റാവു). ലിമിറ്റഡ് എഡിഷൻ മോഡലിന് ഇന്ത്യയിൽ 3.16 കോടി രൂപയാണ് വില. ഓഗസ്റ്റ് 16നാണ് ഇറ്റാലിയൻ സ്‌പോർട്‌സ് കാർ നിർമ്മാതാക്കളായ ലംബോർഗിനി തങ്ങളുടെ എസ്‌യുവിയായ ഉറുസിന്റെ ഗ്രാഫൈറ്റ് ക്യാപ്‌സ്യൂൾ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചത്.
നീറോ നോക്റ്റിസ് (മാറ്റ് ബ്ലാക്ക്) നിറത്തിലുള്ള ഉറുസ് ഗ്രാഫൈറ്റ് ക്യാപ്‌സ്യൂൾ എഡിഷനാണ് ജൂനിയർ എൻടിആർ സ്വന്തമാക്കിയത്. ഡോറിന്റെ താഴ്ഭാഗം, മുൻപിലെ സ്പ്ലിറ്റർ, റിയർ സ്‌പോയ്‌ലർ എന്നിവിടങ്ങളിൽ ഉപഭോക്താവിന്റെ ഇഷ്ടാനുസരണമുള്ള നിറത്തിൽ ഗ്ലോസി ഡീറ്റൈലിംഗും കാറിന് നൽകിയിട്ടുണ്ട്. ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള റിയർ സ്‌പോയ്‌ലർ, 23-ഇഞ്ച് ടൈഗെറ്റ് അലോയ് വീലുകളുമാണ് ഉറുസ് ഗ്രാഫൈറ്റ് ക്യാപ്‌സ്യൂൾ എഡിഷന്റെ മറ്റു ആകർഷണങ്ങൾ. 4.0 ലിറ്റർ വി8, ബൈടർബോ എഞ്ചിനാണ് വാഹനത്തിനുള്ളത്. 641 ബിഎച്ച്പി കരുത്തും 850 എൻഎം പരമാവധി ടോർക്കും പുറപ്പെടുവിക്കുന്നു.
എസ്എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ രൗദ്രം രണം രുധിരത്തിൽ (ആർആർആർ) ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നടൻ. ആർആർആർ ഷൂട്ടിംഗിനായി നിലവിൽ റഷ്യയിലാണ് നടനുള്ളത്.
















Comments