തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷകൾ സെപ്തംബറിൽ തന്നെ നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്. പരീക്ഷക്ക് അധികചോദ്യങ്ങൾ ഉൾപ്പെടുത്തും. 80 മാർക്കിന്റെ പരീക്ഷക്ക് 160 മാർക്കിനുള്ള ചോദ്യങ്ങളും 60 മാർക്കിന്റെ പരീക്ഷക്ക് 120 മാർക്കിനുള്ളതാണ് ഉണ്ടാവുക. 40 മാർക്കിന്റെ പരീക്ഷക്ക് 80 മാർക്കിനുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തും. ഇതോടെ നിശ്ചിത എണ്ണം ചോദ്യങ്ങളിൽ നിന്ന് വിദ്യാർത്ഥികൾക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുത്ത് ഉത്തരമെഴുതാനുള്ള സൗകര്യമാണ് ലഭിക്കുക
ആകെ 2,027 കേന്ദ്രങ്ങളിൽ ആയിട്ടാണ് പരീക്ഷ നടത്തുന്നത്. ഗൾഫിൽ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലും മാഹിയിൽ ആറ് കേന്ദ്രങ്ങളിലും പരീക്ഷ നടത്തുന്നുണ്ട്. കൊറോണ ബാധിച്ച കുട്ടികൾക്കായി പ്രത്യേക ക്ലാസ് മുറികൾ ഒരുക്കും.ഈ വിദ്യാർത്ഥികളുടെ ഉത്തരപേപ്പർ കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേകം സുക്ഷിക്കും. പരീക്ഷക്ക് മുൻപ് പൊതുജനപങ്കാളിത്തത്തോടെ പരീക്ഷാ കേന്ദ്രങ്ങൾ ശുചീകരിക്കും.
പരീക്ഷക്ക് മുന്നോടിയായി മാതൃക പരീക്ഷകൾ നടത്തും. ഓഗസ്റ്റ് 31 മുതൽ സെപ്തംബർ നാലുവരെയാണ് പരീക്ഷകൾ നടത്തുക. വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് മാതൃക പരീക്ഷ എഴുതാനുള്ള സൗകര്യം നൽകും. കുട്ടികൾക്ക് പരീക്ഷ ദിവസം രാവിലെ ഹയർസെക്കൻഡറി പോർട്ടൽ വഴി ചോദ്യപേപ്പർ വിതരണം ചെയ്യും.
Comments