വാഷിംഗ്ടൺ: അഫ്ഗാനിലെ ഭീകരാക്രമണം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഒറ്റ രാത്രികൊണ്ട് 4200 പേരെ അമേരിക്കൻ സൈന്യം പുറത്തെത്തിച്ചു. 13 അമേരിക്കൻ സൈനികരടക്കം കൊല്ലപ്പെട്ട ചാവേർ ആക്രമണം നടന്ന് ഒരു പകൽ അവസാനിച്ചതോടെയാണ് യു.എസ്.വ്യോമ സേന നിർണ്ണായക രക്ഷാപ്രവർത്തനങ്ങളുടെ വേഗത കൂട്ടിയത്. ഇനി 5400 പേർകൂടി കാബൂൾ വിമാനത്താവളത്തിൽ അവശേഷിക്കുന്നതായാണ് പെന്റഗൺ നൽകുന്ന വിവരം.
5400 പേരാണ് കാബൂൾ വിമാനത്താവളത്തിൽ ഇനി അവശേഷിക്കുന്നത്. അഫ്ഗാനിലെ വിവിധ പ്രവിശ്യകളിൽ നിന്നും കാബൂളിലേക്ക് എത്താനാകാത്തവരുണ്ടെന്നും പെന്റഗൺ വെളി പ്പെടുത്തി. ഐ.എസ് ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിൽ ആരും സ്വയം രക്ഷപെടാൻ ശ്രമിക്കരുതെന്നാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. താലിബാനുമായി അവശേഷിക്കുന്ന അമേരിക്കൻ പൗരന്മാരുടെ കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്. ഐ.എസ്.ആക്രമണത്തെ ഭയന്ന് രക്ഷാപ്രവർത്തനം ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്നും പെന്റഗൺ അറിയിച്ചു.
സി-17, സി-130 വിമാനങ്ങളുപയോഗിച്ചുള്ള രക്ഷാപ്രവർത്തനം ഗൾഫ് നാടുകളിലേക്കാണ് നടക്കുന്നത്. അവിടെനിന്നും ആരോഗ്യപരിശോധനയും യാത്രികർക്ക് വൈദ്യസഹായവും പ്രതിരോധ കുത്തിവെയ്പ്പുകളും നൽകുന്നുണ്ട്. മറ്റ് വിദേശകാര്യവകുപ്പിന്റെ രേഖകളുടെ പരിശോധനയ്‌ക്കും ശേഷമാണ് യാത്രക്കാരെ മറ്റ് യാത്രാവിമാനങ്ങളിൽ അമേരിക്കയിലേക്ക് കൊണ്ടുപോകുന്നത്. ഖത്തറും യു.എ.ഇയും കേന്ദ്രീകരിച്ചാണ് അമേരിക്കയുടെ രക്ഷാ പ്രവർത്തനങ്ങളുടെ ഏകോപനം നടക്കുന്നതെന്നും മേജർ ജനറൽ വില്യം ഹാങ്ക് ടെയ്‌ലർ അറിയിച്ചു.
















Comments