കൊച്ചി: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് ബാലഗോകുലം തിങ്കളാഴ്ച പതിനായിരം കേന്ദ്രങ്ങളിൽ ശോഭായാത്രകൾ സംഘടിപ്പിക്കും. ‘ വിഷാദം വെടിയാം വിജയം വരിക്കാം ‘ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ശോഭായാത്രയിൽ നാലു ലക്ഷത്തിലധികം കുട്ടികൾ ശ്രീകൃഷ്ണ വേഷം ധരിച്ച് പങ്കെടുക്കും. കൊറോണ മാനദണ്ഡം പാലിച്ച് സമീപവീടുകളിലെ കൂട്ടികൾ കൃഷ്ണ, ഗോപികാവേഷങ്ങൾ സഹിതം കുടുംബശോഭായാത്രയായി ഒരു വീട്ടുമുറ്റത്ത് ഒരുമിച്ചു ചേരും.
അമ്പാടിമുറ്റം എന്നാണ് അത് അറിയപ്പെടുക. അവിടെ ഒരുക്കിയിരിക്കുന്ന കൃഷ്ണകുടീരത്തിനു മുന്നിൽ വൈകുന്നേരം 5 മുതൽ ആഘോഷ പരിപാടികൾ ആരംഭിക്കും. വേഷപ്രദർശനം, ഗോപികാനൃത്തം, ഉറിയടി, ഭജന, ആഘോഷഗീതപാരയണം, ജന്മാഷ്ടമിസന്ദേശം എന്നിവയാണ് പരിപാടികൾ.
രാവിലെ കൃഷ്ണപ്പൂക്കളം, ഉച്ചയ്‌ക്ക് കണ്ണനൂട്ട്, വൈകുന്നരം ശോഭായാത്ര എന്നിവയാണ് പ്രധാന പരിപാടികളെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ പ്രസന്നകുമാർ ജനറൽ സെക്രട്ടറി കെ എൻ സജികുമാർ എന്നിവർ അറിയിച്ചു.
6 മണി മുതൽ നടക്കുന്ന സംസ്ഥാനതല സാംസ്‌കാരിക പരിപാടി കുട്ടികൾ ഒന്നിച്ചിരുന്നു കാണും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള, ജഗ്ഗി വാസുദേവ്, ജസ്റ്റീസ് കെ.ടി തോമസ്, ജോർജ്ജ് ഓണക്കൂർ തുടങ്ങിയവർ പങ്കെടുക്കും. മംഗളാരതിക്കും പ്രസാദവിതരണത്തിനും ശേഷം 7 മണിയോടെ ആഘോഷം അവസാനിക്കും.
Comments