ന്യുഡൽഹി: കൊറോണയ്‌ക്കെതിരെ തങ്ങൾ വികസിപ്പിച്ച വാക്‌സിൻ നിർമിക്കാൻ അന്താരാഷ്‌ട്ര തലത്തിൽ പങ്കാളികളെ തേടുകയാണ് ഭാരത് ബയോടെക്ക്.
രാജ്യത്ത് കൊറോണയ്‌ക്കെതിരെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ വാക്‌സിനാണ് ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിൻ. എന്നാൽ, ഭാരത് ബയോടെക്കിന് തങ്ങളുടെ വിതരണരംഗം ശക്തിപ്പെടുത്താൻ സാധിച്ചില്ലെന്ന ആക്ഷേപം ശക്തമാണ്. കേന്ദ്രസർക്കാർ ആവശ്യപ്പെട്ട അത്രയും വാക്‌സിൻ വിതരണം ചെയ്യുന്നതിൽ കമ്പനി പരാജയപ്പെട്ടതിന് കാരണം ഉത്പാദനം കൂട്ടാൻകഴിയാതിരുന്നതാണെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ഭാരത് ബയോടെക്കിന്റെ ഗുജറാത്തിലെ പ്ലാന്റിൽ നിന്നുള്ള ആദ്യ ബാച്ച് കോവാക്സിൻ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസൂഖ് മാണ്ഡവിയ ഇന്ന് പുറത്തിറക്കിയിരുന്നു. ഗുജറാത്തിലെ ഭരൂപ് ജില്ലയിലെ അങ്കലേശ്വറിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. പ്ലാന്റിൽ നിർമ്മിച്ച വിൽപ്പനയ്‌ക്കുള്ള ആദ്യ ബാച്ച് ആണ് കേന്ദ്ര മന്ത്രി പുറത്തിറക്കിയത്. കഴിഞ്ഞ മെയിൽ ആണ് ഭാരത് ബയോടെക്കിന്റെ ഗുജറാത്തിലെ പുതിയ പ്ലാന്റിൽ നിന്ന് 200 ദശലക്ഷം ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിലാണ് ഉത്പാദനം ശക്തിപ്പെടുത്താൻ കമ്പനി ആഗോള പങ്കാളികളെ തേടുന്നത്.
















Comments