തെലങ്കാന: ഇതുവരെ കാണാത്ത പുതിയ വേഷത്തിൽ ഫഹദ് തെലുങ്കിൽ. ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് ‘പുഷ്പ’. അല്ലു അർജുൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഫഹദാണ് വില്ലൻ. ചിത്രത്തിലെ അല്ലുവിന്റെ ക്യാരക്റ്റർ ലുക്ക് നേരത്തേ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഫഹദ് ഫാസിലിന്റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ.
മുടി മുഴുവൻ കളഞ്ഞ ഒരു ഗെറ്റപ്പിൽ ഫഹദ് ഇതുവരെ സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. കഥാപാത്രത്തിന്റെ പേരും അണിയറക്കാർ പുറത്തുവിട്ടിട്ടുണ്ട്. ‘ഭൻവർ സിംഗ് ഷെഖാവത്ത്’ എന്ന ഐപിഎസ് ഓഫീസർ ആണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രം.
സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ഒന്നാണ്. സംവിധായകന്റെതാണ് രചനയും. മൈത്രി മൂവി മേക്കേഴ്‌സ്, മുട്ടംസെട്ടി മീഡിയ എന്നീ ബാനറുകളിൽ നവീൻ യെർണേനി, വൈ രവി ശങ്കർ എന്നിവരാണ് നിർമ്മാണം. ഛായാഗ്രഹണം മിറോസ്ലാവ് കൂബ ബ്രോസെക്. എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ്. സംഗീതം ദേവി ശ്രീ പ്രദാസ്. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഈ വർഷം ഡിസംബറിൽ എത്തും.
Comments