ന്യൂഡൽഹി : ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായി പ്രത്യേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണമെന്ന് ജാമിയത്ത് ഉൽമ ഇ ഹിന്ദ് നേതാവ് മൗലാന അർഷാദ് മദനി. ഇതിനായി സമൂഹത്തിലെ സമ്പന്ന വിഭാഗം മുന്നോട്ടുവരണമെന്നും മദനി പറഞ്ഞു. ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുന്നതിനിടെയായിരുന്നു നേതാവിന്റെ വിവാദ പരാമർശം.
വ്യഭിചാരത്തിൽ നിന്നും ദുർനടപ്പിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി സ്‌കൂളുകളും, കോളേജുകളും വേണം. സമൂഹത്തിലെ സമ്പന്ന വിഭാഗം ഇതിനായി മുൻകയ്യെടുക്കണം. സ്‌കൂളുകളും കോളേജുകളും നിർമ്മിക്കണമെന്നും മദനി വ്യക്തമാക്കി.
ലോകത്തെ ഒരു മതവും ആളുകളെ ദുരാചാരം പഠിപ്പിക്കുന്നില്ല. ഇത് മതങ്ങളെ മലിനമാക്കും. പെൺമക്കളെ ദുർനടപ്പിലേക്ക് പോകാൻ അനുവദിക്കരുതെന്നാണ് തന്റെ മുസ്ലീം ഇതര സഹോദരങ്ങളോട് പറയാനുള്ളത്. ഇതിനായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമ്മിക്കണമെന്നും മദനി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ സാമൂഹ്യ പരിഷ്‌കരണങ്ങളെക്കുറിച്ച് ചർച്ച നടത്തിയിരുന്നു. ഇതിനിടെയാണ് ഇക്കാര്യം മുന്നോട്ടുവെച്ചതെന്നും വിഷയത്തിൽ വിശദമായ ചർച്ച നടത്തിയതായും മദനി കൂട്ടിച്ചേർത്തു.
















Comments