ജയ്പൂർ: പ്രശസ്ത ടെലിവിഷൻ സീരീസായ മണി ഹെയ്സ്റ്റിന്റെ റിലീസ് ദിനത്തിൽ ജീവനക്കാർക്ക് മുഴുവൻ അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ കമ്പനി. ജയ്പൂർ ആസ്ഥാനമായ വെർവ ലോജിക് എന്ന സോഫ്റ്റവെയർ കമ്പിനിയാണ് സ്പാനിഷ് ക്രൈം ഡ്രാമ ടെലിവിഷൻ സീരീസിന്റെ റിലീസ് ദിനത്തിൽ അവധി നൽകിയിരിക്കുന്നത്.
സെപ്തംബർ മൂന്നിനാണ് അവധി. നെറ്റ്ഫ്‌ളിക്‌സ് ആൻഡ് ചിൽ ഹോളിഡേ എന്ന പേരിലാണ് അവധി നൽകിയിരിക്കുന്നത്. ജീവനക്കാർക്കായി അന്നേ ദിവസത്തെ ടൈംടേബിളും കമ്പനി പുറത്തിറക്കി.കമ്പനിയുടെ അവധി പ്രഖ്യാപനത്തെ നിരവധി പേരാണ് ഇതിനോടകം ഏറ്റെടുത്തിരിക്കുന്നത്. സാമൂഹ്യ മാദ്ധ്യമങ്ങളാകെ കമ്പനിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
ഇടയ്‌ക്ക് ലീവ് എടുക്കുന്നതിൽ കുഴപ്പമില്ലെന്ന് സി.ഇ.ഒ അഭിഷേക് ജെയിൻ ട്വീറ്റ് ചെയ്തു.കൊറോണ മഹാമാരി സമയത്തെ ജീവനക്കാരുടെ കഠിനാധ്വാനത്തിന് നന്ദി പറഞ്ഞായിരുന്നു സി.ഇ.ഒയുടെ ട്വീറ്റ്.പ്രൊഫസറോടും സംഘത്തിനോടും യാത്ര പറയാൻ എല്ലാവരും തയ്യാറായിരിക്കാനും കമ്പനി പറഞ്ഞു. അതേ സമയം ജീവനക്കാർക്ക് അവധി നൽകികൊണ്ടുള്ള കമ്പനിയുടെ നീക്കത്തെ അഭിനന്ദിച്ച് നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയും രംഗത്തെത്തി.
നാല് സീസണുകൾ ഇതിനകം പൂർത്തിയാക്കിയ സിരീസിന്റെ അഞ്ചാമത്തേയും അവസാനത്തേയുമായ സീസണിന്റെ ആദ്യഭാഗം സെപ്തംബർ മൂന്നിനും രണ്ടാം ഭാഗം ഡിസംബർ മൂന്നിനുമാണ് റിലീസ് ചെയ്യുക.ബാങ്ക് ഓഫ് സ്‌പെയിൻ കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ ഉദ്യോഗസ്ഥയായ അലീസിയ പ്രൊഫസറെ പിടികൂടുന്ന സീനോടെയാണ് നാലാം സീസൺ അവസാനിപ്പിച്ചത്. ഇതിന്റെ തുടർച്ച എന്തായിരിക്കുമെന്ന ആകാംഷയിലാണ് ആരാധകർ.
















Comments