തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കൂടുതൽ സിപിഎം നേതാക്കളെ പ്രതിചേർത്ത് ക്രൈം ബ്രാഞ്ച്. ഭരണ സമിതി അംഗങ്ങളായ 13 പേരെയാണ് പ്രതിചേർത്തത്. ഇതോടെ ആകെ പ്രതികളുടെ എണ്ണം 18 ആയി.
കേസിന്റെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് വ്യാഴാഴ്ച ക്രൈംബ്രാഞ്ച് ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിലാണ് കൂടുതൽ നേതാക്കളുടെ പേരുകൾ ഉള്ളത്. ഭരണ സമിതി ഗുരുതര ചട്ടലംഘനങ്ങളാണ് നടത്തിയത് എന്നാണ് ക്രൈബ്രാഞ്ചിന്റെ റിപ്പോർട്ട് .
മുഴുവൻ ചട്ടങ്ങളും, നിയമാവലിയും അട്ടിമറിച്ചാണ് ഭരണ സമിതി വായ്പകൾ നൽകിയിരിക്കുന്നത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സഹകരണ ബാങ്കിൽ നിയമ പ്രകാരം ഇരിങ്ങാലക്കുട, മാടായിക്കോണം, പുറിത്തിശ്ശേരി എന്നീ വില്ലേജുകളിലുള്ളവർക്കാണ് അംഗത്വം നൽകാൻ അധികരം ഉള്ളത്. എന്നാൽ ഇതിന് പുറത്തുള്ള നിരവധി ഭൂമികൾ ഈടുവെച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഒരു ഭൂമിയ്‌ക്ക് മേൽ തന്നെ മൂന്നും, നാലും വായ്പകൾ ഭരണ സമിതി നൽകിയിരുന്നു. എല്ലാ തട്ടിപ്പിനും ഭരണ സമിതി അംഗീകാരം നൽകിയിരുന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തട്ടിപ്പ് തടയാൻ ചുമതലപ്പെട്ടവർ അത് കണ്ടില്ലെന്ന് നടിച്ചു. മാത്രമല്ല തട്ടിപ്പ് നടത്തിയെന്നും റിപ്പോർട്ടിലുണ്ട്. ഇതിനിടെ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സൂപ്പർ മാർക്കറ്റ് മാനേജർ അറസ്റ്റിലായി.
Comments