ന്യൂഡൽഹി : രാജ്യത്തിന്റെ ദേശീയ സമ്പദ് വ്യവസ്ഥയിൽ നാളികേരത്തിന് ശക്തമായ സ്വാധീനമാണുള്ളതെന്ന് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമർ. നാളികേരത്തിന്റെ ഉൽപാദനത്തിലും ഉൽപാദനക്ഷമതയിലും ലോകത്തിൽ ഏറ്റവും മുന്നിൽ ഇന്ത്യയാണ്. രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൃഷിയുടെ വിസ്തൃതിയിൽ പിന്നിലാണെങ്കിലും ആഗോള നാളികേര ഉൽപാദനത്തിന്റെ 34 ശതമാനവും ഇന്ത്യയുടെ സംഭാവനയാണെന്നും അദ്ദേഹം പറഞ്ഞു. ലോക നാളികേര ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തോമർ.
നാളികേരാധിഷ്ടിത വ്യവസായങ്ങളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കുകയും, പുതിയ മൂല്യവർധിത ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുക്കുകയും ചെയ്തതു വഴി കർഷകർക്ക് അനേകം തൊഴിലവസരങ്ങൾ ലഭിച്ചു. നിലവിൽ രാജ്യത്തെ നാളികേര മേഖലയിൽ 9785 ഉൽപാദക സംഘങ്ങളും, 747 ഫെഡറേഷനുകളും, 67 കമ്പനികളും പ്രവർത്തിക്കുന്നുണ്ട്. ഒപ്പം ഇവയെ ഒന്നിച്ചു നിർത്തുന്ന 10 ലക്ഷം നാളികേര കൃഷിക്കാരും അവരുടെ 120 മില്യൺ തെങ്ങുകളുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നാളികേരത്തിന്റെ ഉൽപാദനത്തിലും ഉൽപാദനക്ഷമതയിലും ഇന്ത്യ ആഗോള തലത്തിൽ ഒന്നാം സ്ഥാനത്താണ് എന്നത് വലിയ നേട്ടമാണെന്ന് കേന്ദ്ര കാർഷിക സഹമന്ത്രി ശോഭ കരന്ദ്ലജെ അഭിപ്രായപ്പെട്ടു. രാജ്യത്തുള്ള നാളികേര കൃഷിക്കാരിൽ ഭൂരിഭാഗവും ചെറുകിട നാമമാത്ര ശ്രേണിയിൽ വരുന്നവരാണ്. അതിനാൽ തോട്ടം തലത്തിൽ നാളികേര ഉൽപാദനവും ഉൽപാദനക്ഷമതയും ഉയർത്തേണ്ടതുണ്ട്. സംസ്‌കരണം, ഉൽപ്പന്നങ്ങളുടെ വൈവിധ്യവൽക്കരണം, വ്യാവസായിക ഉപയോഗം കണ്ടെത്തൽ, മൂല്യവർധനവിനായുള്ള ഏകോപനം എന്നിവയിലൂന്നിയാകണം നമ്മുടെ ആഭ്യന്തര നാളികേര വ്യവസായത്തിന്റെ ഭാവി എന്നും കരന്ദ്ലജെ ചൂണ്ടിക്കാട്ടി.
















Comments