കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാന്റെ നേതൃത്വത്തിലുള്ള സർക്കാർ ഉടൻ ഉണ്ടാവുമെന്ന് അടുത്തിടെ പ്രഖ്യാപനങ്ങൾ വന്നിരുന്നു.സർക്കാർ രൂപീകരണത്തിന്റെ മുന്നൊരുക്കത്തിലാണ് താലിബാന്റെ പ്രധാന നേതാക്കളെന്നാണ് സൂചന. അതിനിടെ പുതിയ സർക്കാരിൽ തങ്ങൾക്കും പ്രാതിനിധ്യം വേണമെന്ന പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അഫ്ഗാനിസ്ഥാനിലെ ഒരു കൂട്ടം സ്ത്രീകൾ. അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ നഗരമായ ഹൊറാത്തിലെ അൻപതോളം വരുന്ന സ്ത്രീകളാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
തെരുവുകളിൽ പ്രതിഷേധിക്കാനുള്ള അവകാശം, താലിബാൻ പുതുതായി രൂപീകരിക്കാൻ പോകുന്ന സർക്കാരിൽ സ്ത്രീകളുടെ പങ്കാളിത്തം തുടങ്ങിയ അവകാശങ്ങൾക്ക് വേണ്ടിയാണ് സ്ത്രീകൾ തെരുവ് കീഴടക്കിയത്.
പുതിയ സർക്കാർ രൂപീകണവുമായി നിരവധി കൂടിയാലോചനകളും മുന്നൊരുക്കങ്ങളും താലിബാൻ നടത്തുന്നുണ്ടെങ്കിലും സ്ത്രീകളുടെ പങ്കാളിത്തമേ കാണുന്നില്ല. അതിനാൽ പുതിയ മന്ത്രി സഭയിൽ സ്ത്രീകളെയും ഉൾപ്പെടുത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം. അതിനായി താലിബാൻ തങ്ങളോട് കൂടിയാലോചന നടത്തണമെന്ന് പ്രതിഷേധത്തിന്റെ സംഘാടകരിലൊളായ ബാസിറ തഹേരി പറഞ്ഞു.
വിദ്യാഭ്യാസവും ജോലിയും ഉണ്ടായിരിക്കേണ്ടത് ഞങ്ങളുടെ അവകാശമാണ്. ഞങ്ങൾ ഭയപ്പെടുന്നില്ല. ഞങ്ങൾ ഒരുമിച്ചാണ് എന്നായിരുന്നു സ്ത്രീകൾ ഉയർത്തിയ മുദ്രാവാക്യം.
അതേസയം താലിബാന്റെ പുതിയ നിയന്ത്രണങ്ങൾ എന്തായിരിക്കുമെന്ന ആശങ്കയിലാണ് അഫ്ഗാനിസ്ഥാനിലെ മറ്റ് സ്ത്രീകൾ. കഴിഞ്ഞ താലിബാൻ ഭരണ സമയത്ത് സ്ത്രീകളം സ്‌കൂളുകളിൽ നിന്ന് വിലക്കുകയും സഞ്ചാര സ്വാതന്ത്ര്യം വരെ നിഷേധിക്കുകയുമുണ്ടായിട്ടുണ്ട്.സ്ത്രീകൾക്കെതിരെ കടുത്ത അക്രമണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമായിരുന്നു അന്ന് താലിബാൻ നടത്തിയിരുന്നത്. അതിനേക്കാളും ക്രൂരമായ പതിപ്പായിരിക്കുമോ ഇത്തവണത്തെ ഭരണം അഴിച്ചു വിടുക എന്നാണ് അവരുടെ ആശങ്ക.
Comments