ന്യൂഡൽഹി : 1921 ലെ മാപ്പിള കലാപത്തിനെതിരെ ശക്തമായ നിലപാടെടുത്ത കവി കുമാരനാശാനെ കൊലപ്പെടുത്തിയതാണെന്ന സംശയം ഉയർന്നിട്ടുണ്ടായിരുന്നെന്ന് പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ സംയോജകനും ആർ.എസ്.എസ് മുതിർന്ന പ്രചാരകനുമായ ജെ. നന്ദകുമാർ. ഇന്നും ഇത് സംബന്ധിച്ച് സംശയങ്ങളും ചോദ്യങ്ങളും ഉയരുന്നുണ്ട്. ഈ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സത്യാവസ്ഥ കണ്ടെത്താനുള്ള ഉത്തരവാദിത്വം ഭരണാധികാരികൾക്കുണ്ടെന്നും ജെ.നന്ദകുമാർ ചൂണ്ടിക്കാട്ടി.
മലബാർ ഇസ്ലാമിക് സ്റ്റേറ്റും 1921 ലെ ഹിന്ദു വംശഹത്യയും എന്ന വിഷയത്തിൽ ജനം ടിവിയുടെ ട്വിറ്ററിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവന്റെ ആവശ്യമനുസരിച്ചാണ് കുമാരനാശാൻ മലബാർ സന്ദർശിച്ചത്. അന്നത്തെ ഹിന്ദുക്കളുടെ വേദന അറിഞ്ഞിട്ടാണ് അദ്ദേഹം ദുരവസ്ഥ എഴുതിയത്. അതിനെതിരെ ശക്തമായ പ്രതിഷേധം തന്നെ ഇസ്ലാമിക മതഭ്രാന്തന്മാർ നടത്തി. കുമാരനാശാൻ ദുരവസ്ഥ എന്ന കൃതി പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ വളരെ കൃത്യമായി അദ്ദേഹം അതിനു മറുപടി നൽകിയെന്നും നന്ദകുമാർ വ്യക്തമാക്കി.
തന്റെ നേരിട്ടുള്ള അനുഭവത്തിലും ബോദ്ധ്യത്തിലുമുള്ള കാര്യങ്ങൾ മാത്രമേ ദുരവസ്ഥയിൽ എഴുതിയിട്ടുള്ളൂ , അത് ഒരു കാരണവശാലും പിൻവലിക്കുകയില്ലെന്ന് കുമാരനാശാൻ വ്യക്തമാക്കുകയും ചെയ്തു. മാസങ്ങൾക്കുള്ളിൽ പല്ലനയാറ്റിൽ നടന്ന ബോട്ടപകടത്തിൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നുവെന്ന് നന്ദകുമാർ ചൂണ്ടിക്കാട്ടി. കുമാരനാശാൻ അറുകൊല ചെയ്യപ്പെടുകയായിരുന്നുവെന്ന് സംശയിക്കുന്നവർ അന്നും ഇന്നും കേരളത്തിലുണ്ടെന്നും നന്ദകുമാർ പറഞ്ഞു. ഖിലാഫത്തിനെതിരായി പ്രവർത്തിച്ചിരുന്ന ആര്യസമാജത്തിലെ സ്വാമി ശ്രദ്ധാനന്ദൻ കൊല്ലപ്പെട്ടു. അതുപോലെ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. കുമാരനാശാൻ ആ പട്ടികയിൽ പെട്ടാണോ കൊല്ലപെപ്ട്ടതെന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്വം ഭരണാധികാരികൾക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാരിയൻ കുന്നൻ പിടിച്ചു പറിക്കാരനായിരുന്നു. ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യണമെന്നാഗ്രഹിച്ച തികഞ്ഞ മതഭ്രാന്തൻ. അങ്ങനെയുള്ള ഒരാളെയാണ് വെള്ളപൂശുന്നത്. 1921 ലെ മാപ്പിള കലാപം ഹിന്ദു വംശഹത്യ തന്നെയായിരുന്നെന്ന് ആനിബസന്റ് ഉൾപ്പെടെയുള്ളവർ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പ്രഭാഷണത്തിൽ വ്യക്തമാക്കി.
മലബാർ ഇസ്ലാമിക് സ്റ്റേറ്റും 1921 ലെ ഹിന്ദു വംശഹത്യയും എന്ന വിഷയത്തിലെ രണ്ടാമത്തെ പ്രഭാഷണം ഇന്ന് ട്വിറ്റർ സ്പേസിൽ നടക്കും. ഓർഗനൈസറിന്റെ ചീഫ് എഡിറ്റർ പ്രഫുൽ കേത്കറാണ് ഇന്ന് പ്രഭാഷണം നടത്തുന്നത്. ജനം ടിവിയുടെ ട്വിറ്റർ സ്പെസിൽ പ്രഭാഷണം ലൈവായി ഉണ്ടായിരിക്കും.
Comments