വില്ലിംഗ്ടൺ: ന്യൂസിലാൻഡിലെ സൂപ്പർമാർക്കറ്റിൽ നടന്ന ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി ജസീന്ത ആർഡേണ്‍. ഐഎസ് ഭീകരനാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. രാവിലെ ഒക്ലാൻഡയിലെ സൂപ്പർമാർക്കറ്റിലാണ് ആക്രമണം നടക്കുന്നത്. രാജ്യത്ത് ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണ് ഇതെന്നും ജസീന്ത ആർഡേണ്‍ പ്രതികരിച്ചു.
2011ൽ ന്യൂസിലാൻഡിലെത്തിയ ശ്രീലങ്കൻ പൗരനാണ് ആക്രമണം നടത്തിയത്. ഐഎസ്‌ഐഎസിന്റെ സജീവ പ്രവർത്തകനായ ഇയാൾ കഴിഞ്ഞ ആറ് വർഷമായി പോലീസിന്റെ നിരീക്ഷണത്തിലാണ്. ആക്രമിയുടെ കയ്യിൽ തോക്കും ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. സൂപ്പർമാർക്കറ്റിൽ മാരകായുധങ്ങളുമായെത്തിയ യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായികുന്നു.
ഇയാളുടെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സൂപ്പർമാർക്കറ്റിലെ ആളുകൾ പരിഭ്രാന്തരായി ഓടുന്നതും വീഡിയോയിൽ ദൃശ്യമാണ്. ഉടൻ തന്നെ സംഭവ സ്ഥലത്ത് എത്തിയ പോലീസ് ഇയാളെ വെടിവെച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇയാൾ മരിച്ചു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം ആക്രമണത്തിന് പിന്നിലെ കാരണം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സൂപ്പർമാർക്കറ്റിൽ നിന്നും 60 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒക്ക്‌ലൻഡിൽ ലോക്ഡൗൺ ഏർപ്പെടുത്തിയതിനാൽ തിരക്ക് കുറവായിരുന്നു.
















Comments