ജലദൗർലഭ്യത്തെക്കുറിച്ചും വരളൾച്ചയെകുറിച്ചുമെല്ലാം നിരന്തരം ചർച്ച ചെയ്യുന്നവരാണ് ലോകം. എന്നാൽ ഈ ചർച്ചകളല്ലാം പ്രാവർത്തികമാക്കുക വിരളവും.പലപ്പോഴും പ്രകൃതിസംരക്ഷണ പദ്ധതികളും പരിപാടികളും വാക്കുകളിലും കടലാസുകളിലും ഒതുങ്ങി പോവുകയാണ് പതിവ്. പരിസ്ഥിതി ദിനത്തിലും ജലദിനത്തിലുമെല്ലാം മാത്രം മറനീക്കി പുറത്ത് വരുന്ന പല പ്രകൃതി സ്‌നേഹികളും ഉദ്ഘാടനവും ഉപദേശങ്ങളും പ്രഖ്യാപനങ്ങളും നടത്തി മടങ്ങുകയാണ് ചെയ്യാറ്.
എന്നാൽ ഈ ലോകത്തിന് തന്നെ മാതൃക തീർക്കുകയാണ് പാരീസിലെ റാഫേൽ എന്ന പതിനൊന്നുകാരനായ കൊച്ചുമിടുക്കൻ. അവന്റെ കൈകളാൽ വീണ്ടെടുക്കുന്നത് പാരീസിലെ നദികളോ കനാലുകളോ അല്ല. നാളേയ്‌ക്കുള്ള ജീവാമൃതമാണ്.
പാരീസിലെ പല നദികളിൽ നിന്നും കനാലുകളിൽ നിന്നുമായി വെറും കാന്തങ്ങളും ഗ്രാപ്പിങ്ങ് ഉപകരണങ്ങളും മാത്രം ഉപയോഗിച്ച് റാഫേലും കൂട്ടരും പുറത്തെടുത്തത് മുന്നൂറോളം ബൈക്കുകളും നൂറിലധികം ഷോപ്പിങ്ങ് ട്രോളികളുമാണ്. നിരവധി ഇരുമ്പ് പാഴ് വ്‌സുക്കളും പ്ലാസ്റ്റിക് മാലിന്യങ്ങൾ വേറെയും. അങ്ങനെ വിവിധ ജലാശങ്ങളിൽ നിന്നായി ഇങ്ങനെ കണ്ടെടുത്ത സാധനങ്ങളുടെ കമനീയ ശേഖരം തന്നെയുണ്ട് അവന്റെ പക്കൽ.
മാലിന്യങ്ങളായി മനുഷ്യൻ കരുതുന്നതെല്ലാം പ്രകൃതിയിൽ തന്നെ ഉപേക്ഷിക്കുകയാണ് പതിവ്. ഇതുപോലെ ഉപേക്ഷിക്കപ്പെട്ട പഴയ വാഹനങ്ങളും മറ്റു ലോഹനിർമ്മിത വസ്തുക്കളും ഭൂമിയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ചെറുതല്ല. ജൈവ വൈവിധ്യത്തെ തന്നെ ബാധിക്കുന്ന തരത്തിലാണ് ജലാശയങ്ങളിൽ മാലിന്യങ്ങൾ കുമിഞ്ഞ് കൂടുന്നത്. മലിനജലം എന്നൊന്നില്ല മനുഷ്യർ മലിനമാക്കുന്ന ജലമേ ഈ ഭൂമിയിലുള്ളൂ.ഓരോ തുള്ളിയുടേയും മൂല്യമറിയാതെ മനുഷ്യൻ നഷ്ടപെടുത്തുന്നത് നാളെയും, അവന്റെ വരുംതലമുറകൾക്ക് സുലഭമായി ലഭിക്കേണ്ടിയിരുന്ന ഒന്നാണ്.
ഈ സാഹചര്യത്തിൽ ജലാശയങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തന്നാലാവുന്ന വിധത്തിൽ ലോകത്തിന് മുൻപിൽ അവതരിപ്പിച്ച്, ലോകമെമ്പാടുമുള്ള പ്രകൃതി സ്‌നേഹികളെ തന്റെ ഉദ്യമത്തിൽ പങ്കു ചേർക്കുകയാണ് റാഫേലിന്റെ ലക്ഷ്യം. അതിനായി നിരന്തരം പോരാടുകയാണീ കൊച്ചു പ്രകൃതി സംരക്ഷകൻ.
















Comments