ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാൽ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം 107 ആയി ഉയർന്നു. രോഗം മൂലം ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭോപ്പാലിൽ മാത്രമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
ജില്ലയിലെ 85 ശതമാനം ഡെങ്കിപ്പനി കേസുകളും 10 വാർഡുകളിലാണുള്ളത്. ടീല ജമൽപുര, ഹലാൽപുര, പീർഗേറ്റ്, ബുധ്വാര, കമലാ നഗർ, സാകേത് നഗർ, എയിംസ് ഹോസ്റ്റൽ, കത്തറ ഹിൽ, ബെർഖേദ പഠാനി, ഹർഷവർധൻ നഗർ എന്നിവയാണ് വാർഡുകൾ. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പ്രദേശങ്ങൾ പരിശോധിക്കുന്നതിനായി രണ്ട് മുതൽ മൂന്ന് ഡോക്ടർമാർ വരെയുള്ള 39 ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഡെങ്കിക്ക് കാരണമാകുന്ന കൊതുകുകൾ പകൽ സമയത്താണ് പ്രധാനമായും കടിക്കുന്നത്. സാധാരണയായി വീടുകളിലും പരിസരങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഇവ പ്രജനനം നടത്തുന്നത്.
ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക, മുഴുനീള വസ്ത്രങ്ങൾ ധരിക്കുക, വീടുകളിൽ കണ്ടെയ്നറുകളിൽ കിടക്കുന്ന വെള്ളം മാറ്റുക എന്നിങ്ങനെ ഡെങ്കിപ്പനി തടയാൻ നിരവധി നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Comments