റായ്പൂർ: ഏഴ് മണിക്കൂറിനുള്ളിൽ 101 സ്ത്രീകളിൽ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി ഡോക്ടർ. സംഭവത്തിൽ പരാതി ഉയർന്നതോടെ അന്വേഷണം പ്രഖ്യാപിച്ച് ഛത്തീസ്ഗഢ് സർകാർ. ഛത്തീസ്ഗഢിലെ സർഗുജ ജില്ലയിൽ നടന്ന സർക്കാർ വന്ധ്യംകരണ ക്യാമ്പിലാണ് സംഭവം. ക്യാമ്പിൽ ക്രമക്കേടുകൾ നടന്നതായി പ്രാദേശിക മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പരാതിയെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടെറി ഡോ. അലോക് ശുക്ല പറഞ്ഞു.
ശസ്ത്രക്രിയയ്‌ക്ക് വിധേയരായ സ്ത്രീകൾക്ക് മറ്റ് പ്രശ്‌നങ്ങളില്ലെന്നാണ് റിപ്പോർട്ട്. സർകാർ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ഒരു ശസ്ത്രക്രിയാ വിദഗ്ധന് ഒരു ദിവസം പരമാവധി 30 ശസ്ത്രക്രിയകൾ നടത്താനാണ് ഉത്തരവ്. മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഡോ. ശുക്ല പറഞ്ഞു.
റായ്പൂരിൽ നിന്ന് 300 കിലോമീറ്റർ അകലെ സർഗുജ ജില്ലയിലെ മെയിൻപാറ്റ് ബ്ലോകിലെ നർമദാപൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഓഗസ്റ്റ് 27 നാണ് വന്ധ്യംകരണ ക്യാമ്പ് നടത്തിയത്. എന്നാൽ ശസ്ത്രക്രിയയ്‌ക്കായി ധാരാളം സ്ത്രീകൾ എത്തിയിരുന്നുവെന്നും അവർ ശസ്ത്രക്രിയ നടത്താൻ തന്നെ പ്രേരിപ്പിച്ചുവെന്നും ഡോക്ടർ അവകാശപ്പെട്ടു. ദൂരഗ്രാമങ്ങളിൽ നിന്ന് വന്നവരായിരുന്നതിനാൽ അവർക്ക് പതിവായി യാത്ര ചെയ്യാൻ സാധിക്കില്ലെന്നും അതുകൊണ്ടാണ് ശസ്ത്രക്രിയ ചെയ്യാൻ തയാറായതെന്നും ശസ്ത്രക്രിയാ വിദഗ്ധന് അഭിപ്രായപ്പെട്ടു.
2014 നവംബറിൽ ബിലാസ്പൂർ ജില്ലയിലെ സർക്കാർ വന്ധ്യംകരണ ക്യാമ്പിൽ നടത്തിയ 83 സ്ത്രീകളിൽ 13 പേർ മരിച്ചിരുന്നു.സൗജന്യ വന്ധ്യംകരണം വാഗ്ദാനം ചെയ്യുന്ന സർക്കാർ പരിപാടിക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്.
















Comments