മുംബൈ: എഴുത്തുകാരനും രചയിതാവുമായ ജാവേദ് അക്തറിന്റെ വിവാദ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. ജാവേദ് അക്തറിന്റെ മുംബൈയിലെ വസതിക്ക് പുറത്ത് പ്രതിഷേധക്കാർ തടിച്ചു കൂടി. സംഭവത്തിൽ അക്തർ മാപ്പ് പറയാതെ പ്രതിഷേധത്തിന് അയവുണ്ടാകില്ലെന്ന് ബിജെപി വ്യക്തമാക്കി.
ക്ഷമ ചോദിക്കാതെ അക്തറിന്റെ സിനിമകൾ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ്മഹാരാഷ്‌ട്ര എംഎൽഎയും ബിജെപി നേതാവുമായ രാം കദം അറിയിച്ചു. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ ആർഎസ്എസിനെയും വിഎച്ച്പിയെയും താലിബാൻ ഭീകരരോട് ഉപമിക്കുന്ന പരാമർമാണ് ജാവേദ് അക്തർ നടത്തിയത്. ആർഎസ്എസ്, വിഎച്ച്പി, ബജ് രംഗദൾ എന്നിവയെ പിന്തുണയ്‌ക്കുന്നവർ താലിബാൻ ഭീകരർക്ക് സമാനമാണെന്നായിരുന്നു അക്തറിന്റെ വാദം. എന്നാൽ പ്രസ്താവന വിവാദമായതോടെ ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തി.
ലജ്ജാവഹമായ പ്രസ്താവനയാണ് അക്തർ നടത്തിയതെന്ന് ബിജെപി പ്രതികരിച്ചു. ലോകമെമ്പാടുമുള്ള വിശ്വഹിന്ദു പരിഷത്തിന്റെയും സംഘത്തിന്റെയും കോടിക്കണക്കിന് പ്രവർത്തകരെ അപമാനിക്കുന്നതിന് തുല്യമാണ് അക്തറിന്റെ വാക്കുകളെന്നും ബിജെപി അഭിപ്രായപ്പെട്ടു. രാജ്യത്തിനായി ജീവിതം സമർപ്പിച്ച സംഘപ്രവർത്തരെ തരംതാഴ്‌ത്തിയ ജാവേദ് അക്തർ മാപ്പ് പറയണമെന്നും ബിജെപി നേതാവ് രാം കദം ആവശ്യപ്പെട്ടു.
















Comments