തിരുവനന്തപുരം: സംസ്ഥാനം കൊറോണയുടേയും നിപ്പയുടേയും ഭീതിയിൽ കഴിയുമ്പോഴും രണ്ടര വർഷം മുൻപ് ഉദ്ഘാടനം ചെയ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ഐഐവി) യുടെ പ്രവർത്തനം ആരംഭിക്കാനായിട്ടില്ല. രോഗപ്രതിരോധ സംവിധാനങ്ങൾ യഥാസമയം ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
2019 ഫെബ്രുവരിയിൽ തിരുവനന്തപുരം തോന്നയ്‌ക്കലിൽ വ്യവസായ വികസന കോർപറേഷന് കീഴിലെ ലൈഫ് സയൻസ് പാർക്കിലാണ് കേന്ദ്രം സ്ഥാപിച്ചത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വൈറസ് പരിശോധനകൾ വരെ തോന്നക്കലിലെ വൈറോളജി ലാബിൽ നടത്താമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ പ്രഖ്യാപനം മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലേക്ക് മാത്രം ഒതുങ്ങിപോയി.
രണ്ടര വർഷം കഴിഞ്ഞിട്ടും കേന്ദ്രത്തിൽ ശാസ്ത്രജ്ഞരുടെ നിയമനം പൂർത്തിയായിട്ടില്ല.
ലബോറട്ടറികളുടെ പണിയും നിശ്ചലാവസ്ഥയിലാണ്. അതിനാൽ കോഴിക്കോടിലെ നിപ്പ വൈറസ് സ്ഥിരീകരിക്കാൻ വേണ്ടി പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയെ തന്നെ ആശ്രയിക്കേണ്ടി വന്നു. ലക്ഷങ്ങൾ ചിലവിട്ട് നിർമ്മിച്ച കേന്ദ്രത്തിൽ അടിസ്ഥാന പരിശോധനകൾ പോലും നടത്താൻ സാധിക്കാത്ത അവസ്ഥയാണ്. വൈറോളജി ലാബിന്റെ പ്രവർത്തനം ഉടൻ തുടങ്ങണമെന്ന ആവശ്യം ഇപ്പോൾ ശക്തമാവുകയാണ്. നിരവധിപേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
















Comments