ചെന്നൈ: മണിരത്‌നം സിനിമ പൊന്നിയൻ സെൽവത്തിന്റെ ചിത്രീകരണം വീണ്ടും പ്രതിസന്ധിയിൽ. ചിത്രത്തിലെ നായിക തൃഷയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ രംഗത്തെത്തിയതോടെയാണ് സിനിമാ ചിത്രീകരണം വീണ്ടും പ്രതിസന്ധിയിലായത്. പൊന്നിയൻ സെൽവത്തിന്റെ ചിത്രീകരണത്തിന്റെ ഇടവേളയിൽ താരം ഇൻഡോറിലെ ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ച് കയറിയതാണ് പരാതി നൽകാൻ കാരണം. നേരത്തെ ചിത്രീകരണത്തിനിടെ കുതിര ചത്തതിനെ തുടർന്ന് മണിരത്‌നത്തിനെതിരെ കേസെടുത്തിരുന്നു.
മദ്ധ്യപ്രദേശിലെ ഇൻഡോറിലെ ചരിത്ര പ്രസിദ്ധമായ ക്ഷേത്രത്തിനകത്താണ് തൃഷ ചെരുപ്പ് ധരിച്ച് കയറിയത്. ഈ ക്ഷേത്രത്തിനകത്താണ് പൊന്നിയൻ സെൽവത്തിന്റെ നിർണ്ണായക രംഗങ്ങൾ ചിത്രീകരിക്കുന്നത്. ചിത്രീകരണത്തിനിടെ ഇടവേളയിൽ ക്ഷേത്രം സന്ദർശിച്ച തൃഷയുടെ ചിത്രങ്ങൾ സമീപത്തുള്ളവർ പകർത്തുകയായിരുന്നു. ചിത്രങ്ങൾ പിന്നീട് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
ഈ ചിത്രങ്ങളിലാണ് തൃഷ ചെരുപ്പ് ധരിച്ച് ക്ഷേത്രത്തിനകത്തെ ശിവലിംഗ വിഗ്രഹത്തിനും നന്ദി വിഗ്രഹത്തിനും സമീപം നിൽക്കുന്നത്. ചരിത്ര പുരാതനമായ ക്ഷേത്രത്തിൽ ചെരുപ്പ് ധരിച്ച് കയറിയ തൃഷയുടെ നടപടി തെറ്റാണെന്നും നടിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ഹിന്ദു സംഘടനകൾ രംഗത്ത് വരികയായിരുന്നു.
രണ്ട് ദിവസം മുൻപാണ് മണി രത്‌നത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെൻറ് ഓഫ് ആനിമൽസ് നൽകിയ പരാതിയിലാണ് കേസ്. മണിരത്‌നത്തിനെതിരേയും അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ മദ്രാസ് ടാക്കീസിനെതിരേയും കുതിരയുടെ ഉടമയ്‌ക്കെതിരേയുമാണ് പരാതി. സിനിമയിലെ യുദ്ധരംഗങ്ങൾ ചിത്രീകരിക്കുന്നതിനായി കുതിരകളെ മണിക്കൂറുകളോളം ഉപയോഗിച്ചതിനെ തുടർന്ന് നിർജ്ജലീകരണം സംഭവിച്ചാണ് ഒരു കുതിര ചത്തതെന്നാണ് പരാതിയിൽ പറയുന്നത്.
Comments