ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദന പ്രവാഹം. അരനൂറ്റാണ്ടിന് ശേഷം ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നേടിയ ടെസ്റ്റ് വിജയത്തിനാണ് ക്രിക്കറ്റ് ഇതിഹാസങ്ങളുടെ അഭിന്ദന പ്രവാഹം. രണ്ടു ടെസ്റ്റുകളിലും ഉശിരൻ പോരാട്ടവീര്യം കാഴ്ചവയ്‌ക്കുകയും ടീം എന്ന നിലയിൽ എല്ലാവരും അവസരത്തിനൊത്ത് ഉയരുന്ന കാഴ്ചയും മുൻതാരങ്ങൾ എടുത്തുപറഞ്ഞു. മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ, മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോൺ, സച്ചിൻ ടെണ്ടുൽക്കർ, വിരേന്ദ്ര സെവാഗ്, യുവരാജ് സിംഗ്, സുരേഷ് റയ്‌ന, ലക്ഷ്മൺ, വസീം ജാഫർ എന്നിവർ വിരാട് കോഹ്‌ലിയേയും ടീമംഗങ്ങളേയും അഭിനന്ദിച്ചു.
എന്തൊരു തിരിച്ചുവരവ് ! എന്നാണ് സച്ചിൻ ട്വിറ്ററിൽ കുറിച്ചത്. കരുത്തോടെ എന്നും തിരിച്ചുവന്ന് വിജയം കൊയ്യുന്ന ടീമിനെ ടീം ഇന്ത്യ എന്നു വിളിക്കും എന്നാണ് വീരുവിന്റെ ട്വീറ്റ്. അതിഗംഭീര ടീം പ്രകടനം. കഴിഞ്ഞ 12 മാസത്തിനിടെ ഇന്ത്യൻ ടീമിന്റെ മുന്നേറ്റം അതിശയകരം. ലോകത്തിലെ ഒന്നാം നമ്പർ ടീം ഇന്ത്യക്ക് മാത്രം ചേർന്ന വിശേഷണമായി മാറിയിരിക്കുന്നുവെന്നാണ് ഓസീസ് ഇതിഹാസ താരം ഷെയിൻ വോൺ ആശംസിച്ചത്.
പരമ്പരയിൽ 2-1ന്റെ ലീഡ് നേടിക്കൊണ്ടാണ് നാലാം ടെസ്റ്റിൽ ഇന്ത്യ 157 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്‌സിൽ 191 റൺസിൽ പുറത്തായ ടീം പരാജയത്തെ മുന്നിൽ കണ്ടെങ്കിലും 290 റൺസിൽ ഇംഗ്ലണ്ടിനെ ഒതുക്കിയശേഷമാണ് രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിനിറങ്ങിയത്.
എന്നാൽ ഇംഗ്ലണ്ടിന്റെ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ചത് രോഹിത് ശർമ്മയുടെ സെഞ്ച്വറിക്കൊപ്പം രാഹുൽ(46) പൂജാര(61),കോഹ് ലി(44) എന്നിവരുടെ മികച്ച പ്രകടനമാണ്. രഹാനേയും ജഡേജയും പെട്ടന്ന് പുറത്തായെങ്കിലും സ്‌കോർ 300 ലേക്ക് അനായാസം എത്തിച്ചു. ഋഷഭ് പന്തും(50) ഷാർദ്ദൂലിന്റെ രണ്ടാം ഇന്നിംഗ്‌സിലേയും തുടർച്ചയായ അർദ്ധ സെഞ്ച്വറി പ്രകടനവും(60) മദ്ധ്യനിരയിൽ കരുത്തായി. വാലറ്റത്ത് ഉമേഷ് യാദവും(25) ബുമ്രയും(24) നടത്തിയ മികച്ച ബാറ്റിംഗും സഹായിച്ചതോടെ ഇന്ത്യൻ സ്‌കോർ 466 ലേക്കാണ് എത്തിയത്.
ആദ്യ ഇന്നിംഗ്‌സിൽ 100 റൺസിന്റെ ലീഡ് നേടിയ ഇംഗ്ലണ്ടിന് മുന്നിൽ ഇന്ത്യ 368 റൺസിന്റെ വെല്ലുവിളി പ്രതിരോധിക്കാമെന്നായിരുന്നു ഇംഗ്ലണ്ടിന്റെ ധാരണ. എന്നാൽ ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടപ്പെടാതെ 100 റൺസിലേക്ക് മുന്നേറിയ ആതിഥേയരെ ഇന്ത്യൻ ബൗളിംഗ് നിര കശക്കിയെറിഞ്ഞു. ബുമ്രയും ജഡേജയും ഷാർദ്ദൂലും നടത്തിയ ബൗളിംഗ് ആക്രമണത്തെ പ്രതിരോധിക്കാൻ അഞ്ചാം ദിനത്തിൽ റൂട്ടിനും സംഘത്തിനുമായില്ല.
















Comments