പത്തനംതിട്ട: പള്ളിയോടത്തിൽ ചെരിപ്പിട്ടു കയറി ഫോട്ടൊയെടുത്തെന്ന പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ വിശദീകരണവുമായി സീരിയൽ നടി രംഗത്ത്. ആചാരലംഘനം നടത്തണമെന്ന ഉദ്ദേശ്യത്തോടെ ചെയ്തതല്ലെന്നും പള്ളിയോടത്തിൽ സ്ത്രീകൾക്ക് കയറാൻ പാടില്ലായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും നിമിഷ പറഞ്ഞു. നിരവധി ഭീഷണി കോളുകൾ ലഭിക്കുന്നുവെന്നും നിമിഷ പറയുന്നു.
പള്ളിയോട സേവാ സംഘം നൽകിയ പരാതിയിലാണ് തൃശൂർ ചാലക്കുടി സ്വദേശി നിമിഷ ബിജോയ്‌ക്കെതിരെ തിരുവല്ല പോലീസ് കേസെടുത്തത്. ആചാരാനുഷ്ഠാനങ്ങളെയും, വിശ്വാസങ്ങളെയും വെല്ലുവിളിച്ച് ചിത്രീകരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. ഓണത്തിനു മുൻപെടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ സംഭവം ചർച്ചയാവുകയായിരുന്നു.
ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് പങ്കെടുക്കുന്ന വള്ളങ്ങളാണ് പള്ളിയോടങ്ങൾ എന്നറിയപ്പെടുന്നത്. ദൈവസാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിക്കുന്നതിനാൽ വ്രതശുദ്ധിയോടെയാണ് പുരുഷന്മാർ ഇതിൽ കയറുക. സ്ത്രീകൾ പള്ളിയോടങ്ങളിൽ കയറാൻ പാടില്ലെന്നുണ്ട്. കൂടാതെ പാദരക്ഷകൾ ഉപയോഗിക്കാറുമില്ല. എന്നാൽ ഫോട്ടോഷൂട്ട് നടത്തിയ നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തിൽ കയറിയത്. ചിത്രങ്ങൾ പുറത്തുവന്നതോടെ പ്രതിഷേധം ഉയരുകയായിരുന്നു.
Comments